ലാഹോര്‍: പൗരാണിക മൂല്യമുള്ള ഡാന്‍സിങ് ഗേള്‍ ഇന്ത്യയില്‍ നിന്ന് തിരികെ വാങ്ങണമെന്നാവശ്യപ്പെട്ട് പാകിസ്താനില്‍ ഹര്‍ജി. അഭിഭാഷകന്‍ ജാവേദ് ഇഖ്ബാല്‍ ജഫ്രിയാണ് ഡാന്‍സിങ് ഗേള്‍ തിരിച്ചുവാങ്ങണമെന്നാവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പൗരാണിക നഗരമായ മോഹന്‍ജൊദാരോയില്‍ നിന്നു കണ്ടെത്തിയ നൃത്തശില്‍പമാണ് ഡാന്‍സിങ് ഗേള്‍. ഇവക്കു അയ്യായിരം വര്‍ഷത്തെ പഴക്കമാണ് കണക്കാക്കുന്നത്. 60 വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ പ്രദര്‍ശനത്തിനയച്ച വെങ്കല ശില്‍പം പിന്നീട് ഇന്ത്യ കൈവശംവെക്കുകയായിരുന്നുവെന്നാണ് അഭിഭാഷകന്‍ ജാവേദ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ലാഹോര്‍ മ്യൂസിയത്തിന്റെ ഭാഗമാണ് ശില്‍പമെന്നും അതിനാല്‍ ഇന്ത്യയില്‍ നിന്ന് തിരികെ വാങ്ങേണ്ടതുണ്ടെന്നും ജാവേദ് പറയുന്നു. 1926ല്‍ സിന്ധില്‍ നിന്നാണ് ഈ ശില്‍പം കണ്ടെടുത്തത്. ബിസി 2500-ാം വര്‍ഷത്തിലാണ് ഇവയുടെ നിര്‍മാണം നടന്നതെന്നാണ് വിലയിരുത്തല്‍. 10.5 സെന്റീമീറ്റര്‍ ഉയരമുള്ള ശില്‍പം പാക് മണ്ണില്‍ തിരിച്ചെത്തിക്കുന്നതിന് യുഎന്‍ എഡ്യുക്കേഷണല്‍, സൈന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന് കത്തയക്കുമെന്ന് പാകിസ്താന്‍ ദേശീയ മ്യൂസിയം ഡയറക്ടര്‍ ജനറല്‍ ജമാല്‍ ഷാ പറഞ്ഞു.