തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സുരക്ഷാ വീഴ്ചയുണ്ടായതില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. മ്യൂസിയം സിഐയെയും എസ്‌ഐയെയും സ്ഥലം മാറ്റി. അഞ്ചു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കമ്മിഷണറേയും ഡിസിപിയേയും വിളിച്ച് മുഖ്യമന്ത്രി കാരണം തിരക്കിയിരുന്നു. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുണ്ടായിരിക്കെയാണ് പൊലീസിനെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിന്റെ പ്രധാന കവാടത്തിന് മുമ്പിലെത്തി പ്രതിഷേധിച്ചത്.

ഇന്നലെ രാത്രി ഏഴു മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ദേവസ്വം ബോര്‍ഡ് ജങ്ഷന് സമീപം പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇതിനിടെ പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ക്ലിഫ് ഹൗസ് പരിസരത്തേക്ക് ഓടിക്കയറുകയായിരുന്നു. ഗാര്‍ഡ് റൂമിന് മുമ്പിലെത്തി പ്രതിഷേധിച്ചു. പിന്നാലെ കൂടുതല്‍ പൊലീസുകാരെത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.

സമീപകാലത്ത് രണ്ടാം തവണയാണ് ക്ലിഫ് ഹൗസില്‍ സുരക്ഷാ വീഴ്ചയുണ്ടാകുന്നത്. വ്യാഴാഴ്ച മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സുരക്ഷ മറികടന്ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിനു സമീപം വരെയെത്തിയിരുന്നു. പ്രതിഷേധങ്ങള്‍ ഇനിയുമുണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് ക്ലിഫ് ഹൗസ് പരിസരത്ത് സുരക്ഷ വര്‍ധിപ്പിച്ചു.