അനീഷ് ചാലിയാര്‍
മലപ്പുറം: ഈ വര്‍ഷകാലത്ത് ഇടവിട്ട് മഴ ലഭിച്ചെങ്കിലും ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസത്തെ ഭൂഗര്‍ഭ ജലവകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് ജലനിരപ്പ് കൂടുതല്‍ താഴ്ന്നതായി സൂചിപ്പിക്കുന്നത്.

2016 ജൂലൈ മാസത്തെ അപേക്ഷിച്ച് ഈവര്‍ഷം ജൂലൈ മാസത്തില്‍ 23 ശതമാനം കുഴല്‍ കിണറുകളിലും ഒരു മീറ്ററിലധികം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 10 ശതമാനം നിരീക്ഷണ കുഴല്‍ കിണറുകളില്‍ ഒന്നു മുതല്‍ രണ്ട് മീറ്റര്‍ വരെയും രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ 6.5 ശതമാനവും, മൂന്ന് ശതമാനം കുഴല്‍ കിണറുകളില്‍ 3 ശതമാനവും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. എന്നാല്‍ സാധാരണ നിരീക്ഷണ കിണറുകളില്‍ 33 ശതമാനത്തിലും ഒരു മീറ്ററില്‍ താഴെ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 67 സാധരണ കിണറുകളില്‍ കഴിഞ്ഞവര്‍ഷത്തേതിന് തുല്യമാണ് ജലനിരപ്പ്. സെമി ക്രിട്ടിക്കല്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന തിരൂരങ്ങാടിയിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ജനലനിരപ്പ് താഴ്ന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെയുള്ള കുഴല്‍ കിണറില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 4 മീറ്റര്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ജില്ലയില്‍ തിരൂരങ്ങാടിക്ക് പുറമെ താനൂര്‍, കൊണ്ടോട്ടി എന്നീ ബ്ലോക്കുകളും സെമി ക്രിട്ടിക്കല്‍ ബ്ലോക്കില്‍ പെടുന്നവയാണ്. തുറന്ന കിണറുകളില്‍ ജലനിരപ്പ് കുറഞ്ഞത് കാവനൂരിലാണ്. ഇവിടെ 89 സെന്റീമീറ്റര്‍ ജലനിരപ്പ് താ്‌ഴ്ന്നത്. മലയോര മേഖലയായ കരുവാരക്കുണ്ടില്‍ കഴിഞ്ഞ ജൂലൈയില്‍ 5.5 സെന്റീമീറ്റര്‍ മാത്രമാണ് ജലനിരപ്പ് താഴ്ന്നത്.
ജില്ലയില്‍ ഭൂഗര്‍ഭജല വകുപ്പിനുള്ള 30 കുഴല്‍ കിണറുകളും, 28 കിണറുകളും കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ചാണ് ജലനിരപ്പ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തില്‍ ഗണ്യമായ കുറവുണ്ടായതോടെ ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ കടുത്ത വരള്‍ച്ചയായിരുന്നു ജില്ല നേരിട്ടത്. ഈ വര്‍ഷവും ജൂണ്‍, ജൂലൈ മാസങ്ങളില്‍ കാര്യമായ മഴ ലഭിച്ചിരുന്നില്ല. ഇതാണ് ഭൂഗര്‍ഭ ജലനിരപ്പ് വീണ്ടും താഴാന്‍ കാരണമായത്. ആഗസ്റ്റ് മാസത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് സംബന്ധിച്ച കണക്കെടുപ്പ് നടന്നുവരുന്നതേയുള്ളൂ. മലയോര- തീരദേശമുള്‍പ്പെടെ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത തോതില്‍ മഴ ലഭിക്കുന്നതിനാല്‍ ചിലയിടങ്ങളിലെങ്കിലും ഭൂഗര്‍ഭ ജലനിരപ്പില്‍ വര്‍ധനവുണ്ടാകേണ്ടതായിരുന്നു.
എന്നാല്‍ നിരീക്ഷണ കിണറുകളിലൊന്നിലും ജനലനിരപ്പ് ഉയരാതിരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും കുടുതല്‍ ജലനിരപ്പ് താഴ്ന്ന പെരിന്തല്‍മണ്ണയിലും ജലനിരപ്പ് താഴുന്നിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു മീറ്ററോളം ജലനിരപ്പ് ഇവിടെ താഴ്ന്നിട്ടുണ്ട്. കടുത്ത വേനലില്‍ ഇവിടെ 10 മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു. കഴിഞ്ഞ ജൂണില്‍ 630 മില്ലീമീറ്ററും ജൂലൈയില്‍ 394 മില്ലീമീറ്ററും മഴമാത്രമാണ് ജില്ലാ ആസ്ഥാനത്തുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ 2016 ജൂണ്‍ മുതല്‍ 2017 ഏപ്രില്‍ വരെ ആകെ ലഭിച്ചത് 1416.1 മില്ലീമീറ്റര്‍ മഴയാണ്.
സാധാരണ ഗതിയില്‍ ലഭിക്കേണ്ട മഴയുടെ 55 ശതമാനം മാത്രമേ ഇത് വരുന്നുള്ളൂ. ഈ കാലയളവില്‍ ശരാശരി ലഭിക്കേണ്ടിയിരുന്നത് 2554.7 മില്ലിമീറ്റര്‍ മഴയാണ്. സാധാരണ ലഭിക്കേണ്ട മഴയില്‍ പകുതിയോളം കുറവ് വന്നതോടെ 2016 ഒക്ടോബര്‍ മുതല്‍ ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുന്ന പ്രവണതയാണ് കാണുന്നത്.