തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇരുമ്പനം, ഫറോഖ് പ്ലാന്റുകളില്‍ ട്രക്ക് ഉടമകളും തൊഴിലാളികളും കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് നടത്തി വന്നിരുന്ന ഇന്ധന സമരം ഒത്തുതീര്‍പ്പായി. ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ തൊഴിലാളി പ്രതിനിധികളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇന്ധന സമരം അവസാനിപ്പിച്ചത്.

സമരം ഒത്തുതീര്‍പ്പായതോടെ ഐ.ഒ.സി പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെന്‍ഡറിലെ അപാകം പരിഹരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു തൊഴിലാളികളുടെ സമരം.  ഇന്ന് നടത്തിയ ചര്‍ച്ചയില്‍ ടെന്‍ഡര്‍ നടപടികള്‍ ഡിസംബര്‍ മൂന്നാം തീയതി വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കരാര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സമരം പരിഹരിക്കാന്‍ ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയമായിരുന്നു. തുടര്‍ന്ന് ഇന്ന് വീണ്ടും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരമായത്.

സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമായിരുന്നു. ഇന്ധനം തീര്‍ന്നതോടെ ഐഒസിയുടെ പല പമ്പുകളും അടച്ചിടേണ്ടി വന്നു. സമരം അവസാനിപ്പിച്ചതോടെ ഇന്ധനനീക്കം പുനരാരംഭിച്ചിട്ടുണ്ട്.