സ്വന്തം ലേഖകന്‍

കൊച്ചി: ജനവാസ കേന്ദ്രമായ പുതുവൈപ്പില്‍ കൂറ്റന്‍ എല്‍പിജി സംഭരണ പ്ലാന്റ് നിര്‍മിക്കാനുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നീക്കത്തിനെതിരെ സമരം നടത്തുന്ന നാട്ടുകാര്‍ക്കു നേരെ പൊലീസിന്റെ ഭീകരത. പ്ലാന്റ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്താമെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ നല്‍കിയ ഉറപ്പ് ലംഘിച്ച് ഇന്നലെ രാവിലെ നിര്‍മാണ തൊഴിലാളികള്‍ എത്തിയതിനെ തുടര്‍ന്ന് സംഘടിച്ച പ്രദേശവാസികളെയാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ക്രൂരമായി തല്ലിച്ചതച്ചത്. രക്തം വാര്‍ന്നൊലിച്ച സമരക്കാരെ വലിച്ചിഴച്ചും ബലം പ്രയോഗിച്ചും അറസ്റ്റ് ചെയ്തതോടെ പുതുവൈപ്പ് സംഘര്‍ഷ ഭൂമിയായി.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമാണ്. മണിക്കൂറുകളോളം ലാത്തിയുമായി അഴിഞ്ഞാടിയ ശേഷമാണ് പൊലീസ് പിന്‍വാങ്ങിയത്. പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആസ്പത്രിയിലും കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ചികിത്സ നിഷേധിക്കാനുള്ള ആസ്പത്രി അധികൃതരുടെ നീക്കവും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിഷയത്തില്‍ 21ന് മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചതിനെ തുടര്‍ന്ന് പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഐ.ഒ.സി അറിയിച്ചു. എന്നാല്‍ സമരം തുടരുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.
പ്ലാന്റ് നിര്‍മാണം തീരദേശ പരിപാലന നിയമം ലംഘിച്ചാണെന്നാരോപിച്ച് സ്ഥലവാസികളായ രണ്ട് പേര്‍ നല്‍കിയ ഹര്‍ജി ഹരിത ട്രിബ്യൂണല്‍ അടുത്ത മാസം നാലിന് പരിഗണിക്കുന്നതിനാല്‍ അതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന്കഴിഞ്ഞ ദിവസം സമര സമിതി നേതാക്കള്‍ ഫിഷറീസ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ മന്ത്രി അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. ഹരിത ട്രിബ്യുണല്‍ വിധി വരുംവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് മുഖ്യമന്ത്രിയും ഉറപ്പ് നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് ഇന്നലെ രാവിലെ അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കെത്തിച്ചത്.
വിവരമറിഞ്ഞ് സ്ത്രീകളും പുരുഷന്‍മാരുമടക്കമുള്ള സമരക്കാര്‍ പ്രവേശന കവാടത്തിലേക്ക് എത്തിയതോടെ പൊലീസ് ബാരിക്കേഡ് ഉയര്‍ത്തിയും ലാത്തികൊണ്ടും തടഞ്ഞു. ഇതിനിടെ പ്ലാന്റിനകത്ത് നിന്ന് സമരക്കാര്‍ക്ക് നേരെ കല്ലേറുണ്ടായി. തൊട്ടു പിന്നാലെ പൊലീസ് ലാത്തി വീശുകയായിരുന്നു. പദ്ധതി വളപ്പില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറക്കിയിട്ടിരുന്ന കല്ലുകള്‍ അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ട് എറിയിപ്പിച്ചതാണെന്നാണ് സമരക്കാര്‍ ആരോപിച്ചു. സംഭവമറിഞ്ഞ് സംഘടിച്ചെത്തിയ കൂടുതല്‍ സമരക്കാരെ പൊലീസ് വളഞ്ഞിട്ട് മര്‍ദിച്ചു. തലങ്ങും വിലങ്ങും ലാത്തി കൊണ്ട് അടിച്ചു വീഴ്ത്തി. സ്ത്രീകളും കുട്ടികളും സമരക്കാര്‍ക്കൊപ്പമുണ്ടായിരുന്നുവെങ്കിലും പൊലീസ് ഗൗനിച്ചില്ല. പലരും രക്തം വാര്‍ന്ന് നിലത്ത് വീണിട്ടും ക്രൂരമായ മര്‍ദ്ദനം തുടര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഇരുപത് പേരെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മിക്കവരുടെയും കൈക്കും കാലിനും പൊട്ടലുണ്ട്. വൈപ്പിന്‍ സ്വദേശികളായ വിനു, സാബു, സേവ്യര്‍, അംബ്രോസ്, ചാര്‍ലി, സൈനുദ്ദീന്‍, ഷീല, ശിവദാസ്, മുരുകന്‍, ജെന്‍സണ്‍, ഡെന്നി, സുജിത്ത്, കണ്ണന്‍, പ്രസാദ്, പ്രശാന്ത്, സുജ, ഗൗതം തുടങ്ങിയവരാണ് എറണാകുളം ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലുള്ളത്. വിനുവിന്റെ തലക്ക് ഗുരുതരമായ പരിക്കുണ്ട്. സാബുവിന്റെ മൂക്കിന്റെ പാലം തകര്‍ന്ന നിലയിലാണ്. 14 വയസുമാത്രം പ്രായമുള്ള ഗൗതമിന്റെ കാലിനു പൊട്ടലുണ്ട്. പരിക്കേറ്റവരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ ആസ്പത്രിയില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസവും കൊച്ചി ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.