ദുബൈ: ഐ.പി.എല്ലിലെ തങ്ങളുടെ ആറാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സിന് തകര്‍പ്പന്‍ ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 37 റണ്‍സിനാണ് ധോനിയുടെ പട കോലി ടീമിനോട് തോറ്റത്. മികച്ച ഫോമില്‍ 90 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ വിജയശില്‍പി. എന്നാല്‍ പിന്നീട് ബാറ്റിങിനിറങ്ങിയ ചെന്നൈ ബാംഗ്ലൂരിന്റെ ബൗളിനും ഫീല്‍ഡര്‍മാര്‍ക്കും മുന്നില്‍ പതറുന്ന കാഴ്ചയാണുണ്ടായത്. പിന്‍തുടര്‍ച്ചയില്‍ വീണ്ടും ഫോംഔട്ടായ ധോനിയുടെ ചെന്നൈ അതോടെ അഞ്ചാം തോല്‍വിയും ചോദിച്ചുവാങ്ങി.

ബാംഗ്ലൂരിനായി നാല് ഓവറില്‍ 19 റണ്‍സിന് മൂന്നു വിക്കറ്റെടുത്ത ക്രിസ് മോറിസാണ് ബൗളിങ്ങില്‍ തിളങ്ങിയത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ നവ്ദീപ് സെയ്നിയും മൂന്ന് ഓവറില്‍ 16 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറും മികച്ച പ്രകടനം പുറത്തെടുത്തു. ബാംഗ്ലൂരിന്റെ നാലാം ജയമാണിത്.

Virat Kohli.

പവര്‍പ്ലേ ഓവറുകള്‍ക്കുള്ളില്‍ തന്നെ ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസി (8), ഷെയ്ന്‍ വാട്ട്സണ്‍ (14) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായ ചെന്നൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. പിന്നീട് ക്രീസില്‍ ഒന്നിച്ച അമ്പാട്ടി റായുഡുവും ജഗദീശനും മൂന്നാം വിക്കറ്റില്‍ 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്താനായില്ല. 33 റണ്‍സെടുത്ത ജഗദീശനെ റണ്ണൗട്ടാക്കിയ ക്രിസ് മോറിസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ആറു പന്തില്‍ നിന്ന് 10 റണ്‍സെടുത്ത ധോനിയെ ചാഹല്‍ മടക്കി. സാം കറന്‍ (0), ഡ്വെയ്ന്‍ ബ്രാവോ (7), രവീന്ദ്ര ജഡേജ (7) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ ചെന്നൈയുടെ തോല്‍വിയുടെ ആക്കം കൂടി. 40 പന്തില്‍ നിന്ന് നാലു ഫോറുകളടക്കം 42 റണ്‍സെടുത്ത അമ്പാട്ടി റായുഡുവാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍.

Image

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിരുന്നു.  2 റൺസ് എടുത്ത ആരോൺ ഫിഞ്ചിനെ തുടക്കത്തിലേ നഷ്ടപ്പെട്ടു കൊണ്ടാണ് ബാംഗ്ലൂർ ഇന്നിംഗ്സ് തുടങ്ങിയത്. സൂപ്പർ താരം എ ബി ഡിവില്ലിയേഴ്സ് പൂജ്യത്തിന് പുറത്തായതോടെ ബാംഗ്ലൂർ തകരുകയാണ് എന്ന് തോന്നിപ്പിച്ചു. എന്നാൽ യുവതാരങ്ങൾക്കൊപ്പം പിടിച്ച് നിന്ന കോലി അവസാന ഓവറുകളിൽ ആളിക്കത്തിയതോടെ ബാംഗ്ലൂർ മാന്യമായ സ്കോറിലെത്തി.  52 പന്തിൽ നാല് വീതം സിക്സും ഫോറും പറത്തിയാണ് വിരാട് 90 റൺസെടുത്തത്. ദേവ്ദത്ത് പടിക്കൽ 33ഉം ശിവം ദുബെ 22ഉം റൺസെടുത്തു.