ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിന് ചെന്നൈയില്‍ തുടക്കമായി. രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്ത സ്മിത്തിനെ 2.2 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ഇംഗ്ലിഷ് താരങ്ങളായ ജേസണ്‍ റോയ്, അലക്‌സ് ഹെയ്!ല്‍സ്, ഇന്ത്യന്‍ താരം കരുണ്‍ നായര്‍ എന്നിവരെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങിയില്ല.

164 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ 292 പേരാണു മിനി ലേലത്തില്‍ പങ്കെടുക്കുന്നത്. 8 ടീമുകളിലായി പരമാവധി 61 താരങ്ങള്‍ക്ക് അവസരമൊരുങ്ങും. വിദേശതാരങ്ങളില്‍നിന്ന് 22 പേര്‍ക്കാണു ടീമുകളുടെ വിളിയെത്തുക. താരലേലത്തിനു മുന്നോടിയായി എട്ടു ടീമുകളും ചേര്‍ന്ന് 139 താരങ്ങളെയാണ് നിലനിര്‍ത്തിയത്. 57 താരങ്ങളെ റിലീസ് ചെയ്തു. ചെന്നൈയില്‍ പുരോഗമിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ പഞ്ചാബ് കിങ്‌സാണ് ശ്രദ്ധാകേന്ദ്രം. ലേലത്തില്‍ 53.2 കോടി രൂപയുടെ വമ്പന്‍ ബജറ്റുമായെത്തുന്ന കിങ്‌സിനു 9 താരങ്ങള്‍ക്കായി 31.7 കോടി നിര്‍ബന്ധമായും ചെലവിടേണ്ടിവരും.

നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് തുടങ്ങി മലയാളി താരം സഞ്ജു സാംസണ്‍ നായകനാകുന്ന രാജസ്ഥാന്‍ റോയല്‍സ് വരെയുള്ള മിക്ക ടീമുകളും ബോളിങ് യൂണിറ്റിന്റെ കരുത്ത് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലേലത്തിനെത്തുന്നവരാണ്.