ഇരുണ്ട ഞായറാഴ്ച എന്നു വിശേഷിപ്പിക്കപ്പെട്ട ഇക്കഴിഞ്ഞ ഈസ്റ്റര്‍ദിനത്തില്‍ നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്കയില്‍ മരിച്ചുവീണവരുടെ സംഖ്യ 320 കടന്നെന്നാണ് വിവരം. ലോകത്തെയും വിശിഷ്യാ ദക്ഷിണേഷ്യയെയും നടുക്കിയ കൂട്ടനരനായാട്ടാണ് ലങ്കയിലെ മൂന്നിടങ്ങളിലെ ക്രിസ്ത്യന്‍പള്ളികളിലും ഹോട്ടലുകളിലുമായി അരങ്ങേറിയിരിക്കുന്നത്. തലസ്ഥാനമായ കൊളംബോ, നെഗംബോ, ബട്ടികലോവ എന്നീ നഗരങ്ങളില്‍ പ്രാതല്‍ സമയത്താണ് ലോകത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്. ഇത്രയുംപേരെ ഒറ്റയടിക്ക് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതും നടപ്പാക്കിയതുമായ ബുദ്ധിയെയും മാനസികനിലവാരത്തെയും എന്തുവാക്കുകളുപയോഗിച്ചാണ് അപലപിക്കുക. ഒരുവാക്കും ഇതിന ്മതിയാകുമെന്ന് തോന്നുന്നില്ല. അത്രക്ക് മനുഷ്യത്വരഹിതവും ക്രൂരവുമായാണ് മരണത്തിന്റെ വക്താക്കള്‍ ഈ മനുഷ്യമഹാദുരന്തം നടപ്പാക്കിയത്. കൊല്ലപ്പെട്ടവരില്‍ അമ്പതോളംപേര്‍ കുട്ടികളാണ്. അമേരിക്ക, ബ്രിട്ടന്‍, സ്‌പെയിന്‍ തുടങ്ങി 12 വിദേശരാജ്യങ്ങളിലെ മുപ്പതിലധികവും.പൗരന്മാരും. ഇന്ത്യക്കാരുടെ സംഖ്യ പത്തിലധികംവരും. ജീവനുവേണ്ടി മല്ലടിക്കുന്നവരുടെ സംഖ്യ അതിലേറെ. മാര്‍ച്ച്15ന് ന്യൂസിലാന്‍ഡില്‍നടന്ന മുസ്്‌ലിംകൂട്ടക്കുരുതിയുടെ നടുക്കത്തില്‍നിന്ന് ലോകം മെല്ലെ മാറുന്നതിനിടെയാണ് മറ്റൊരു മനുഷ്യനിര്‍മിതമഹാദുരന്തം.
ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവഹാനിക്കും ഇന്ത്യയുടെയും ശ്രീലങ്കയുടെയും രാഷ്ട്രനേതാക്കളുടെവരെ കൊലപാതകത്തിനും ഹേതുവായതാണ് കാല്‍നൂറ്റാണ്ടുകാലത്തെ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം. രാജ്യത്തെ തമിഴ്‌ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനാധിപത്യരീതിയില്‍ അതിനു പരിഹാരംകാണാന്‍ കഴിയാതിരുന്നതാണ് കൂട്ടരക്തച്ചൊരിച്ചിലിലേക്ക് ഈ ദ്വീപുരാഷ്ട്രത്ത നയിച്ചത്. രണ്ടുമാസംമുമ്പ് ഭരണതലത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ ശ്രീലങ്കയെ മറ്റൊരു അനിശ്ചാതാവസ്ഥയിലേക്ക് തള്ളിവിടുമെന്ന ്ഭയപ്പെട്ടെങ്കിലും നീതിപീഠത്തിന്റെ തക്കസമയത്തെ ഇടപെടല്‍മൂലം അതൊഴിവാകുകയായിരുന്നു. എന്നാലിതാ തികച്ചും അപ്രതീക്ഷിതമായി തീര്‍ത്തും നിരപരാധികളായ മുന്നൂറിലധികംപേരെ കുരുതിക്കിരയാക്കിയത് ഇസ്്‌ലാമിന്റെ പേരുപറഞ്ഞും. ആഗോളഭീകരസംഘടനയായ ഐസിസ് അഥവാ ഇസ്്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ മഹാദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് വിവരം. ന്യൂസിലാന്‍ഡലെ ക്രൈസ്റ്റ്ചര്‍ച്ച് മസ്ജിദിലുണ്ടായ ബോംബ്‌സ്ഥോടനത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതിനു പ്രതികാരമായാണ് ഈകൂട്ടനരഹത്യ എന്നാണ് ഐസിസ് അവകാശപ്പെടുന്നതെന്നാണ് വിവരം. ഐ.എസിന്റെ അമാഖ് വാര്‍ത്താഏജന്‍സിയാണ് ഇന്നലെ ഉച്ചയോടെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചത്. അതിനുമുമ്പുള്ള മണിക്കൂറുകളിലും ഇത്തരമൊരുബന്ധം സ്‌ഫോടനങ്ങള്‍ക്ക് പിന്നിലുണ്ടാകുമെന്ന സംശയംബലപ്പെട്ടിരുന്നു. ഐസിസിന്റെ കുറിപ്പനുസരിച്ച് അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളിലേക്കാണ് അവര്‍ കാട്ടാളത്തിന്റെ പുതിയ കുന്തമുന തുറന്നുവെച്ചിരിക്കുന്നതെന്നാണ് സൂചന. വിദേശികള്‍ താമസിക്കുന്ന ഹോട്ടലുകളിലും ചര്‍ച്ചിലുമായിരുന്നു ആറ് ചാവേര്‍ആക്രമണങ്ങളെന്നത് ഇന്ത്യയെയും പൊതുവില്‍ ദക്ഷിണേഷ്യയെ ആകെയും ഭീതിപ്പെടുത്തുന്നതാണ്. ഇന്ത്യ അടുത്തകാലത്തായി അമേരിക്കന്‍പക്ഷത്തേക്ക് ചായുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്
വിനോദസഞ്ചാരത്തിനായും ആരാധനക്കായും ഹോട്ടലുകളിലും ചര്‍ച്ചുകളിലുമെത്തിയവരെ ഒരുവിധമുന്നറിയിപ്പുമില്ലാതെ കൊലപ്പെടുത്തുന്നത് ആര്‍ക്ക് എന്തുഗുണമാണ് ചെയ്യുയെന്ന് മനസ്സിലാകുന്നില്ല. കുറ്റക്കാര്‍ ആരായിരുന്നാലും അവരെ നിയമത്തിന്റെവഴിയില്‍ കൊണ്ടുവന്ന് കടുത്തശിക്ഷ നല്‍കുകതന്നെ വേണം. എവിടെയായാലും കൊല്ലപ്പെടുന്നത് അക്രമികള്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നവരല്ലെന്നും മറിച്ച് നിരപരാധികളായ മനുഷ്യരാണെന്നും വരുന്നത് എങ്ങനെയാണ് നീതീകരിക്കപ്പെടുക. അക്രമംകൊണ്ട് ഒന്നുംനേടാനാവില്ലെന്ന ്പഠിപ്പിച്ച പ്രത്യയശാസ്ത്രമാണ് ഇസ്്‌ലാം. ഒരുനിരപരാധിയെ കൊന്നാല്‍ മനുഷ്യകുലത്തെ ആകമാനം കൊന്നതിന ്തുല്യമെന്ന് ഇസ്്‌ലാം പഠിപ്പിക്കുന്നു. ഇന്ത്യയുടെ മഹാത്മാവും ലോകത്തോട് സ്വജീവിതത്തിലൂടെ തെളിയിച്ചുകാട്ടിയതും അക്രമരഹിതമായ മാതൃകാസമൂഹത്തെയാണ്.
നാലരലക്ഷത്തോളം വിദേശികളാണ് ശ്രീലങ്കയില്‍ 2015ല്‍ മാത്രം വിനോദസഞ്ചാരത്തിനെത്തിയത്. ഇത് വര്‍ധിച്ചുകൊണ്ടിരിക്കുകയും രാജ്യത്തെ പ്രധാനവരുമാനസ്രോതസ്സായി മാറുകയും ചെയ്യുമ്പോഴാണ് ഈ ദുരന്തം. ലങ്കയിലെ ഇരുപത് ലക്ഷത്തോളംവരുന്ന (9.7 ശതമാനം) ഇസ്്‌ലാമികവിശ്വാസികളെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ തലത്തിലും സാമൂഹികതലത്തിലുമൊക്കെ അവഗണനകള്‍ നേരിടുന്ന കാലഘട്ടംകൂടിയാണിത്. ഈ സംഭവത്താല്‍ അതിന്റെ വ്യാപ്തി വര്‍ധിക്കുകയല്ലാതെ കുറയുമെന്ന ്‌തോന്നാന്‍വഴിയില്ല. പെട്ടെന്നൊരു പ്രതികാരനടപടി ശ്രീലങ്കയില്‍ നിന്നുയര്‍ന്നില്ല എന്നത് സാമൂഹികമാധ്യമങ്ങളുടെ നിയന്ത്രണത്താലായിരിക്കണം. രാജ്യമൊട്ടാകെ വേദനതിന്നു കഴിയുന്ന ഈ സന്ദര്‍ഭത്തില്‍ ലോകത്തിന്റെയെല്ലാം പ്രത്യേകിച്ച് ഇന്ത്യയുടെ, സഹായഹസ്തം ഇവിടേക്ക് പതിയേണ്ടതുണ്ട്. എന്നാല്‍ അടുത്തിടെയായി ചൈനയോടാണ് നമ്മേക്കാള്‍ ശ്രീലങ്കക്ക് തന്ത്രപരമായ താല്‍പര്യം എന്നത് നമ്മെ അകറ്റുകയും ചെയ്യുന്നു. ചൈനയിലും ഇന്ത്യയിലും ശ്രീലങ്കയിലും മ്യാന്മാറിലുമൊക്കെ മുസ്്‌ലിംന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന പ്രതിലോമകരമായ നടപടികള്‍ ലോകസമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചുവരുന്ന കാലമാണിത്. അതിനിടെ ഐസിസ് പോലുള്ള ഭീകരര്‍ ഭീരുത്വത്തിന്റെ പേരില്‍ നിരപരാധികളെ ഈ മേഖലയിലും കൊലചെയ്യാന്‍ പുറപ്പെടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. അതുകൊണ്ടുണ്ടാക്കുന്ന കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ക്ക് ഇരയാകുക അതാത് രാജ്യങ്ങളിലെ മുസ്്‌ലിംകളുമായിരിക്കും. ഇസ്്‌ലാമികരാജ്യങ്ങളിലേക്ക് ആളും അര്‍ത്ഥവും നല്‍കി പുത്തന്‍ സാമ്രാജ്യത്വത്തിന് ശ്രമിക്കുന്ന അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്യന്‍ ശക്തികളുടെയും നീക്കങ്ങള്‍ക്ക് എതിരായ വികാരം അറേബ്യയിലും പ്രത്യേകിച്ച് ഏഷ്യയിലും പ്രകടമായിത്തുടങ്ങിയിട്ട് ഏറെക്കാലമായി. ലോകസമ്പത്ത് വെട്ടിപ്പിടിക്കാന്‍ വെമ്പുന്ന ശക്തികള്‍ക്ക് അറേബ്യ ഇന്നും കിട്ടാക്കനിയാണ്. എന്നാല്‍ അവിടുത്തെ ദശലക്ഷക്കണക്കിന ്മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനേ അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനോ കാര്യമായ ഇടപെടലുകള്‍ ഒരിടത്തുനിന്നും ഉണ്ടാകുന്നില്ല. യോഗം ചേരുമ്പോള്‍ പുറപ്പെടുവിക്കപ്പെടുന്ന ചടങ്ങുകളിലൊതുങ്ങുകയാണ് ഐക്യരാഷ്ട്രസംഘടനയുടെ ഉത്തരവുകള്‍ പോലും. ജാതിയുടെയും മതത്തിന്റെയും പേരില്‍ കൊലചെയ്യപ്പെടുന്ന ഓരോനിരപരാധിയും ലോകസമൂഹത്തോട് വിളിച്ചുപറയുന്നത് തങ്ങളുടെപേരില്‍ അരുതേ എന്നാണ്. ഐസിസ് ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അതെത്ര ഗൗരവമുള്ളതാണെങ്കിലും അവരത് ലോകവേദികളില്‍ എത്തിക്കുകയും ചര്‍ച്ചചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. ലോകരാജ്യങ്ങള്‍ ഒട്ടാകെ ഇനിയെങ്കിലും ഇതിനായി മുന്‍കൈയെടുത്തേ മതിയാകൂ. അല്ലാതിരുന്നാല്‍ ശ്രീലങ്കയിലേതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടും.