അഷ്‌റഫ് ആളത്ത്

ദമ്മാം: രാഷ്ട്രീയ നേട്ടങ്ങള്‍ക്കും മാധ്യമ പ്രചാരണങ്ങള്‍ക്കുമായി മതത്തെ ദുരുപയോഗപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്ന്  വേള്‍ഡ് ഇസ്‌ലാമിക് എജ്യൂക്കേഷന്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (ഇസെസ്‌കോ ) അഭിപ്രായപ്പെട്ടു. മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി വിഷലിപ്തവും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമായ ന്യായീകരണങ്ങളാല്‍ പൊതു സമൂഹത്തില്‍ ചിലയാളുകള്‍ വിദ്വേഷം വളര്‍ത്തുകയാണെന്നും ഇസെസ്‌കോ കുറ്റപ്പെടുത്തി.

പാരീസ് നഗരപ്രാന്തത്തില്‍ ഒരു അധ്യാപകനെ ക്രൂരമായി ശിരഛേദം ചെയ്ത സംഭവത്തെ അപലപിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് ഇസെസ്‌കോ നിലപാട് വ്യക്തമാക്കിയത്. അധ്യാപകന്റെ കൊലപാതകത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ ഇസെസ്‌കോ  ഒരൊറ്റ കൊലപാതകത്തിന്റെ കുറ്റകൃത്യം എല്ലാവര്‍ക്കുമെതിരായ കുറ്റമായി കണക്കാക്കിയ ഇസ്‌ലാമിക തത്വങ്ങളുടെ വ്യക്തമായ ലംഘനമാണിതെന്നും മുന്നറിയിപ്പ് നല്‍കി. അതേസമയം ചില ഫ്രഞ്ച് മാധ്യമങ്ങളിലും രാഷ്ട്രീയ വ്യവഹാരങ്ങളിലും മുഹമ്മദ് നബിയെ സ്വഭാവഹത്യ ചെയ്യുന്നതില്‍ ഇസെസ്‌കോ ആശങ്ക പ്രകടിപ്പിച്ചു.

ഉത്തരവാദിത്തമുള്ള കേന്ദ്രങ്ങളില്‍ നിന്നുള്ള ഇത്തരം നീക്കങ്ങള്‍ ആഗോള മുസ്‌ലിം ജനതയില്‍ ദേഷ്യത്തിനും സങ്കടത്തിനും ഞെട്ടലിനും ഇടയാക്കുന്നുവെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
ആഗോള മുസ്‌ലിം സമൂഹത്തിന്റെ ശാസ്ത്ര സാംസ്‌കാരിക വിദ്യാഭ്യാസ നവോഥാനം ലക്ഷ്യമിട്ട് മൊറോക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ 1979 ല്‍ സ്ഥാപിച്ചതാണ് ഇസ്ലാമിക് എഡ്യൂക്കേഷന്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍.
പശ്ചാത്യലോകവും അതിന്റെ സാമൂഹിക, ബൗദ്ധിത ഘടനയും ഉള്‍പ്പെട്ട എല്ലാ വിഷയങ്ങളും സംബന്ധിച്ച് ഭാവി തലമുറകള്‍ക്ക് വലിയൊരു ശാസ്ത്രീയ ഉറവിടം നല്‍കുകയാണ് ലക്ഷ്യം.അന്താരാഷ്ട്ര ബന്ധം മെച്ചപ്പെടുത്താനും പടിഞ്ഞാറും ഇസ്‌ലാമിക ലോകവും തമ്മില്‍ സന്തുലിത ബന്ധം സ്ഥാപിക്കാനും ഇസെസ്‌കോ വലിയ ഇടപെടലുകള്‍ നടത്താറുണ്ട്.