കൊച്ചി: ഐഎസ്എല്‍ ഫൈനല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വ്യാപകമാകുന്നു. കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഐഎസ്എല്‍ ഫൈനലിന്റെ ടിക്കറ്റുകള്‍ വ്യാജസൈറ്റുകളില്‍ പത്തിരട്ടി വിലക്ക് വില്‍ക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 300രൂപയുടെ ടിക്കറ്റിന് 3,000 രൂപ വരെയാണ് വ്യാജസൈറ്റുകള്‍ ഈടാക്കുന്ന വില. നിരവധി പേരുടെ കമന്റുകളാണ് സൈറ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ടിക്കറ്റു കിട്ടാതെ ഫുട്‌ബോള്‍ പ്രേമികള്‍ അലയുമ്പോഴാണ് കരിഞ്ചന്തകള്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുന്നത്. ഇത് ആരാധകരെ കടുത്ത അമര്‍ഷത്തിലാക്കിയിരിക്കുകയാണ്. അക്കൗണ്ടില്‍ പണമെത്തിച്ചാല്‍ ടിക്കറ്റ് കിട്ടുന്ന സംവിധാനവും കരിഞ്ചനക്കാര്‍ പയറ്റുന്നുണ്ട്.

ഓണ്‍ലൈന്‍ വില്‍പ്പന നടന്നിരുന്ന ബുക്ക് മൈ ഷോയിലേയും കലൂരിലെ സ്റ്റേഡിയത്തിന് മുന്നിലെ ബോക്സിലെ ടിക്കറ്റ് വില്‍പ്പന വ്യാഴാഴ്ച്ച ഉച്ചയോടെ അവസാനിച്ചിരുന്നു. ഇതോടെയാണ് അവസരം മുതലെടുത്ത് കരിഞ്ചന്തക്കാരും രംഗത്തെത്തിയിരിക്കുന്നത്. isltickets.com എന്ന വ്യാജസൈറ്റിലാണ് ടിക്കറ്റുകള്‍ ലഭിക്കുന്നത്.

അതേസമയം, ഐഎസ്എല്‍ അധികൃതരും കെഎഫ്എയും ഒത്തുക്കളിച്ച് ടിക്കറ്റുകള്‍ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നുമുള്ള പരാതിയുമായി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുന്നത്.