ജറൂസലേം: ഇസ്‌ലാം വിരുദ്ധ പ്രസ്താവനയുമായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്‌ലാം യൂറോപ്പിനെയും ഇസ്രാഈലിനെയും പൂര്‍ണമായും തകര്‍ക്കുമെന്ന് നെതന്യാഹു ആരോപിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പാരിസില്‍ നടന്ന കൂടിക്കാഴ്ചക്കിടെയാണ് ഇസ്‌ലാമോഫോബിക് മുഖം നെതന്യാഹു വീണ്ടും പുറത്തെടുത്തത്.

ജൂത രാജ്യം തകര്‍ക്കുക മാത്രമല്ല അവരുടെ ലക്ഷ്യം. എതിര്‍ക്കുന്ന ശബ്ദങ്ങള്‍ ഇല്ലായ്മ ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നതെന്നും നെതന്യാഹു ആരോപിച്ചു.

അമേരിക്കയും യൂറോപ്പും നശിക്കണമെന്നാണ് ഇറാനും ഐഎസും ആഗ്രഹിക്കുന്നത്. അതിന് അവര്‍ ഏതറ്റം വരെയും പോകും. ഇസ്രാഈല്‍ ആണ് അവരുടെ ആദ്യ ലക്ഷ്യം. അത് നേടി കഴിഞ്ഞാല്‍ യൂറോപ്പിലേക്ക് തിരിയും, നെതന്യാഹു ആരോപിച്ചു.

വെസ്റ്റ് ബാങ്ക് വിഷയത്തില്‍ ഫലസ്തീനെ രൂക്ഷമായി വിമര്‍ശിക്കാനും നെതന്യാഹു മറന്നില്ല. ജൂതര്‍ക്കായി ഒരു രാജ്യം എന്നത് അംഗീകരിക്കാന്‍ ഫലസ്തീനികള്‍ തയാറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് നെതന്യാഹുവിന്റെ കണ്ടെത്തല്‍.