കൊല്ലം: വിസ്മയ കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. 90 ദിവസം തികയും മുമ്പാണ് കുറ്റപത്രം സമര്‍പിക്കുന്നത്. സ്ത്രീധനത്തെ ചൊല്ലി ശാരീരികമായും മാനസികമായുമുള്ള ഭര്‍ത്താവ് കിരണ്‍കുമാറിന്റെ പീഡനത്തെ തുടര്‍ന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്യുകയായായിരുന്നു.

വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ജീവനക്കാരനുമായ കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ 9 വകുപ്പുകള്‍ കുറ്റപത്രത്തില്‍ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. നൂറ്റിരണ്ട് പേരാണ് സാക്ഷി പട്ടികയില്‍ ഉള്ളത്. ശാസ്താം കോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.

വിസ്മയയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ കിരണ്‍കുമാര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.