റോം: ആറുപതിറ്റാണ്ടിനു ശേഷം അസൂറിപ്പടയില്ലാത്ത ലോകകപ്പിന് റഷ്യവേദിയാകും. സ്വീഡനെതിരെ ഇന്നലെ നടന്ന രണ്ടാം പാദ യോഗ്യത പ്ലേഓഫില്‍ ഗോള്‍ രഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലി ലോകകപ്പില്‍ നിന്ന് പുറത്തായത്. ഇരുപാദങ്ങളിലായി 1-0ന് ജയിച്ചു കയറിയ സ്വീഡന്‍ 2006  ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടി. 1930ലേയും 1958ലേയും ലോകകപ്പിലാണ് ഇതിനു മുമ്പ് ഇറ്റലിയുടെ പങ്കാളിത്തം ഇല്ലാത്തിരുന്നത്. നേരത്തെ സ്വീഡനില്‍ നടന്ന ആദ്യപാദത്തില്‍ 61-ാം മിനുട്ടില്‍ ജേക്കബ് ജൊനാസാനിന്റെ ഗോളിലാണ് സ്വീഡന്‍ ജയം സ്വന്തമാക്കിയിരുന്നത്.
മിലാനില്‍ ആര്‍ത്തൂവിളിച്ച ഇറ്റലി ആരാധകര്‍ക്കു മുന്നില്‍ യോഗ്യതക്കായി ബുഫണിന്റെ നേതൃത്വത്തിലിറങ്ങിയ ഇറ്റലി താരങ്ങള്‍ ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും സ്വീഡന്റെ പ്രതിരോധ തകര്‍ക്കാന്‍ അവര്‍ക്കായില്ല. 76 ശതമാനം ബോള്‍ പൊസിഷനും 27 ഷോട്ടുകളും അസൂറിപ്പട പായിച്ചെങ്കിലും സ്വീഡന്‍ ഗോള്‍ കീപ്പര്‍ റോബിന്‍ ഓല്‍സെന്‍ മിന്നും പ്രകടനം ഇറ്റലിയെ ഗോളില്‍ നിന്ന് അകറ്റി. സ്‌ട്രൈക്കര്‍ സിറോ ഇമെബൈല്‍ അവസരങ്ങള്‍ തുലച്ചതും ഇറ്റലിക്ക് വിനയായി.പരുക്കന്‍ അടവുകളും അരങ്ങേറിയ മത്സരത്തില്‍ ഒമ്പതു മഞ്ഞകാര്‍ഡുകളാണ് പിറന്നത്.ലോകകപ്പിനു ശേഷം വിരമിക്കുമെന്നു പറഞ്ഞ ജിയാന്‍ലൂജി ബുഫണിന് യോഗ്യത നേടാനാവത്തതോടെ കണ്ണീരോടെ രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിച്ചു.
ലോകകപ്പ് യോഗ്യതക്കായി ഗ്രൂപ്പ് ജിയില്‍ സ്‌പെയിനൊപ്പം മത്സരിച്ച് ഇറ്റലി 10 കളിയില്‍ ഏഴു ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമായി 23 പോയിന്റ് നേടി സ്‌പെയിനു(28) താഴെ രണ്ടാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്. 14 ലോകകപ്പില്‍ പങ്കെടുത്ത ഇറ്റലി നാലു തവണ ചാമ്പ്യമാരും രണ്ടു തവണ റണ്ണേഴ്‌സ് അപ്പും ഓരോ തവണ മൂന്നും നാലും ഫിനീഷ് ചെയ്തിട്ടുണ്ട്‌. 2006ലെ ജര്‍മ്മനി ലോകകപ്പിലാണ് അവസാനമായി അസ്സൂറിപ്പട കിരീടത്തില്‍ മുത്തമിട്ടത്.