റോം: 2024ലെ ഒളിമ്പിക്‌സ് ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇറ്റലി പിന്മാറി. ഇറ്റാലിയന്‍ ഒളിമ്പിക്‌സ് കമ്മിറ്റി ഇക്കാര്യം ഔദ്യോഗികമായി അന്താരാഷ്ട്ര കമ്മിറ്റിയെ അറിയിച്ചു. ഭിന്നാഭിപ്രായം ഉടലെടുത്തതിനെത്തുടര്‍ന്ന് റോം സിറ്റി കൗണ്‍സില്‍ നടത്തിയ വോട്ടെടുപ്പ് പ്രതികൂലമായതോടെയാണ് തീരുമാനമെന്ന് ഒളിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റ് ജിയോവന്നി മലാഗോ പറഞ്ഞു. ഇക്കാര്യം അറിയിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. അഴിമതി, മാലിന്യ നിക്ഷേപം എന്നിവ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിലാണ് നഗരം ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് റോം മേയറും ഫൈവ് സ്റ്റാര്‍ പാര്‍ട്ടി നേതാവുമായ വിര്‍ജിനീയ റഗ്ഗി പറഞ്ഞു. ഇതു രണ്ടാം തവണയാണ് ഇറ്റലി പിന്മാറുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി 2012ല്‍ അന്നത്തെ പ്രധാനമന്ത്രി മാരിയോ മോണ്ടി, റോമില്‍ 2020ലെ ഒളിമ്പിക്‌സ് നടത്തുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.
പാരിസ്, ലോസ്ഏഞ്ചല്‍സ്, ബുഡാപെസ്റ്റ് എന്നീ നഗരങ്ങളാണ് 2024ലെ ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാന്‍ മത്സരിക്കുന്നത്. ബോസ്റ്റണ്‍, ഹാംബര്‍ഗ് തുടങ്ങിയ നഗരങ്ങള്‍ സാങ്കേതിക കാരണങ്ങളാല്‍ നേരത്തെ പിന്മാറിയിരുന്നു. 2017 സെപ്തംബറിലാണ് വേദി ഔദ്യോഗികമായി പ്രഖ്യാപിക്കുക. 2020ല്‍ ഏഷ്യന്‍ രാജ്യമായ ജപ്പാനിലാണ് അടുത്ത ഒളിമ്പിക്‌സ് അരങ്ങേറുക.