ഞായറാഴ്ച അഖിലേന്ത്യാതലത്തിലുള്ള മെഡിക്കല്‍ പ്രവേശനപരീക്ഷ (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് – നീറ്റ് ) എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രം വെട്ടിമാറ്റുകയും വിദ്യാര്‍ഥിനിയുടെ വസ്ത്രമുരിഞ്ഞ് ദേഹപരിശോധന നടത്തുകയും ചെയ്ത സംഭവം ആ കുട്ടികള്‍ക്കുമാത്രമല്ല രാജ്യത്തിനാകെ കൊടിയ നാണക്കേട് വരുത്തിവെച്ചിരിക്കുന്നു. സംസ്ഥാനത്ത് പലയിടത്തും പെണ്‍കുട്ടികളുടെ വസ്ത്രത്തിലെ കൈയുടെ നീളം കത്രികകൊണ്ട് മുറിച്ചുമാറ്റി. ഒരുപെണ്‍കുട്ടിയുടെ അടിവസ്ത്രവും പാന്റ്‌സും അഴിച്ചുമാറ്റിയ ശേഷമാണ് പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചത്. കണ്ണൂര്‍ കുഞ്ഞിമംഗലം ടി.കെ.എസ്.കെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും കണ്ണൂരിലെ തന്നെ സെന്‍ട്രല്‍ ആര്‍മി സ്‌കൂളിലുമാണ് സംഭവങ്ങള്‍. മറ്റുചില കേന്ദ്രങ്ങളിലും സമാനമായ സംഭവമുണ്ടായെങ്കിലും അവര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ഏതായാലും ഇത് കുട്ടികളോടുള്ള കടുത്തഅനീതിയും അപമാനകരവും പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണെന്നതില്‍ തര്‍ക്കമില്ല.

കേരളത്തില്‍ നീറ്റ് പരീക്ഷ എഴുതാന്‍ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് വിവിധ കേന്ദ്രങ്ങളിലായി ഞായറാഴ്ച എത്തിയത്. രാജ്യത്ത് 1900 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ ബഹുഭൂരിപക്ഷം കേന്ദ്രങ്ങളിലും വസ്ത്രം സംബന്ധിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതിരിക്കെ കേരളത്തില്‍ മാത്രം ചില കേന്ദ്രങ്ങളില്‍ ചിലരുടെ കുബുദ്ധികാരണമാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. കൈമുട്ടിനുതാഴെ വസ്ത്രം പാടില്ലെന്നുപറഞ്ഞാണത്രെ മുറിച്ചുമാറ്റല്‍. പരിശോധനക്കിടെ അടിവസ്ത്രത്തിലെ ഹുക്ക് കാരണം മെറ്റല്‍ ഡിറ്റക്ടറില്‍ ബീപ് ശബ്ദം വന്നതിനാല്‍ അത് പരിശോധിക്കാനായാണ് വസ്ത്രം അഴിപ്പിച്ചതെന്നാണ് അധികൃതരുടെ മറ്റൊരു വിശദീകരണം. ഇതുകാരണം ഏറെ സമ്മര്‍ദത്തിലായിരുന്നു പല കുട്ടികളും പരീക്ഷ എഴുതാന്‍ ഇടയായത്. സംഭവത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ പരീക്ഷയുടെ സംഘാടകരായ സി.ബി.എസ്.ഇയുടെ മേഖലാ കമ്മീഷണര്‍ മൂന്നാഴ്ചക്കകം വിശദീകരണം ബോധിപ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയും വിശദീകരണം നല്‍കണം. വടക്കേ ഇന്ത്യയില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തുന്നതിനും കോപ്പിയടിക്കും ശ്രമിച്ചതിന് ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അഖിലേന്ത്യാതലത്തില്‍ മെഡിക്കല്‍, അനുബന്ധ സീറ്റുകളിലേക്ക് പ്രവേശനപരീക്ഷ കഴിഞ്ഞവര്‍ഷം മുതലാണ് സുപ്രീംകോടതി നിര്‍ബന്ധമാക്കിയത്. ഇതുകാരണം സംസ്ഥാനതലത്തിലുള്ള മെഡിക്കല്‍ പ്രവേശനപരീക്ഷ റദ്ദായിരിക്കുകയാണ്. കുട്ടികളുടെ ബന്ധപ്പെട്ട വിഷയത്തിലുള്ള അറിവും കഴിവും പരിശോധിക്കുന്നതിന് അഖിലേന്ത്യാതലത്തില്‍ സംവിധാനം നിലവില്‍ വന്നതോടെ ഇതുവരെയും കേരളത്തിലെ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളും ഇളവുകളും ഇല്ലാതാകുമോ എന്നഭീതിയിലാണ് പൊതുവെ വിദ്യാര്‍ഥികളും രക്ഷിതാക്കളും. കുട്ടികളുടെ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു കേരളത്തിലെ ഇത്തവണത്തെ നീറ്റ് പരീക്ഷ. പത്തുമണിയുടെ പരീക്ഷക്ക് രാവിലെ എട്ടരയോടെ തന്നെ കേന്ദ്രത്തിലെത്തിയ വിദ്യാര്‍ഥിനികളെ കൈമുട്ടിനുതാഴെ വസ്ത്രം ഇറങ്ങരുതെന്ന് നിബന്ധനയുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. വാസ്തവത്തില്‍ ഇതില്‍ വലഞ്ഞത് അധികവും മുസ്്‌ലിം വിദ്യാര്‍ഥിനികളായിരുന്നു. തട്ടം അണിഞ്ഞെത്തിയ ഒരു വിദ്യാര്‍ഥിനിയെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന അധികൃതരുടെ ശാഠ്യവും അല്‍പനേരത്തെ ആശയക്കുഴപ്പത്തിന് വഴിവെച്ചു.
വാസ്തവത്തില്‍ തലമറക്കരുതെന്ന മുന്‍നിബന്ധന സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കിയിരുന്നുവെന്നത് ഉദ്യോഗസ്ഥര്‍ ഓര്‍ക്കാതെ പോകുകയായിരുന്നു. പാന്റ്‌സിലും മറ്റും ഇരുമ്പുകൊളുത്തുകള്‍ സ്വാഭാവികമായിരിക്കെ അതും പാടില്ലെന്ന നിര്‍ബന്ധബുദ്ധി സത്യത്തില്‍ ചിലരുടെ കുബുദ്ധിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പെന്‍സില്‍, ജോമട്രി, മൊബൈല്‍, കാമറ, ഷൂ തുടങ്ങിയവയും ഒളിപ്പിച്ചുവെക്കാവുന്ന തരത്തിലുള്ള വസ്ത്രവും ഉപയോഗിക്കരുതെന്നാണ് കുട്ടികള്‍ക്ക് നല്‍കിയിട്ടുള്ള രേഖാമൂലമുള്ള നിബന്ധനകള്‍. ഇതിലെവിടെയും ജീന്‍സ് ധരിക്കരുതെന്നോ ഹുക്ക് ഇരുമ്പിലാകരുതെന്നോ നിര്‍ദേശിച്ചിട്ടില്ല. പരീക്ഷയില്‍ കോപ്പിയടിയില്ലെന്ന് കര്‍ശനമായി ഉറപ്പുവരുത്തണമെന്നാണ് സി.ബി.എസ്.ഇയുടെ താല്‍പര്യമെങ്കില്‍ അക്കാര്യത്തില്‍ ചെയ്യേണ്ടുന്നത് ഹാളിനുള്ളില്‍ അത് ഉറപ്പുവരുത്തുകയായിരുന്നു. പലപ്പോഴും പരീക്ഷകര്‍ കാട്ടുന്ന അലംഭാവമോ പൊല്ലാപ്പിനൊന്നും പോകേണ്ടെന്ന അലസതയോ ആണ് കോപ്പിയടിക്ക് കാരണം. ഇതുമുതലെടുത്താണ് കുട്ടികള്‍, അതും വളരെ ചെറിയൊരു ശതമാനം മാത്രം പകര്‍ത്തിയെഴുത്തിന് മുതിരുന്നത്.
മെഡിക്കല്‍ പ്രവേശനം പോലെ നിര്‍ണായകമായൊരു വിഷയത്തില്‍ കുട്ടികള്‍ മെറിറ്റിലല്ലാതെ കോപ്പിയടിച്ച് വിജയിക്കുക എന്നുവെച്ചാല്‍ അത് ആ കുട്ടിയുടെ മാത്രമല്ല, സമൂഹത്തിന്റെയാകെ ആരോഗ്യത്തെ ബാധിക്കുന്ന സംഗതിയാണ്. അതുകൊണ്ടുതന്നെ മിടുക്കരും അര്‍ഹതപ്പെട്ടവരുമായ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കേണ്ടത് രാജ്യത്തിന് തന്നെ അത്യാവശ്യമാണ്.
11,38,890 കുട്ടികളാണ് എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കം വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ എഴുതിയത്. ഇതില്‍ തന്നെ വെറും ഒരു ലക്ഷത്തില്‍ താഴെ പേര്‍ക്കുമാത്രമേ പ്രവേശനം ലഭിക്കാനുള്ള സീറ്റുകള്‍ രാജ്യത്താകമാനമുള്ളൂ. കേരളത്തില്‍ ഒരു ലക്ഷത്തിലധികം കുട്ടികളെഴുതിയതില്‍ അമ്പതിനായിരത്തില്‍ താഴെ കുട്ടികളെ മാത്രമേ എം.ബി.ബി.എസിന് പ്രവേശിപ്പിക്കാന്‍ കഴിയൂ. ബാക്കിയുള്ളവരെയാണ് ബി.ഡി.എസ്. ആയുര്‍വേദം, ഹോമിയോ, യുനാനി, കാര്‍ഷികം പോലുള്ള സീറ്റുകളില്‍ പ്രവേശിക്കുക. ഇതാണ് നീറ്റ് പരീക്ഷക്ക് ഇത്രയും വലിയ പ്രിയംവരാന്‍ കാരണം. മക്കളെ ഡോക്ടറും എഞ്ചിനീയറും പോലുള്ള ഉന്നതജോലികളില്‍ എത്തിക്കാന്‍ വെമ്പല്‍കൊള്ളുന്ന രക്ഷിതാക്കളാണ് മറ്റൊന്ന് .
ഇതൊക്കെയാണെങ്കിലും കേന്ദ്രസര്‍ക്കാരിനുകീഴിലെ സെക്കണ്ടറി വിദ്യാഭ്യാസബോര്‍ഡ് കുട്ടികളുടെ കഴിവുപരിശോധനക്ക് പകരം അവരുടെ മതവിശ്വാസവും സ്വകാര്യതയും സ്വാതന്ത്ര്യവും പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന രീതിയില്‍ ഇടപെട്ടത് ഗുരുതരമായ കൃത്യവിലോപമായിപ്പോയി. കഴിഞ്ഞ മാസമാണ് ഗുജറാത്തില്‍ നടന്ന ഒരു കേന്ദ്രസര്‍ക്കാര്‍ പരിപാടിയില്‍ കേരളത്തില്‍ നിന്നുപോയ വനിതാജനപ്രതിനിധികളോട് തലമറക്കുന്ന വസ്ത്രം നീക്കണമെന്ന് ശഠിച്ചത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളെ മാനിക്കുന്നതിനുപകരം അവരെ പരിഹസിക്കുകയും ഭത്‌സിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ ഭാഷ ഏതായാലും സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിന് ഒട്ടും യോജിച്ചതായില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പൊലീസും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണം.