തിരുവനന്തപുരം: രാജ്യത്ത് അരക്ഷിതാവസ്ഥ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പശുവിനെ കാട്ടി ഭീഷണിപ്പെടുത്തി, ഒടുവില്‍ പശുവിനെയും കാളയെയും വളര്‍ത്താന്‍ ജനം മടിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം വന്‍കിട കുത്തകള്‍ക്ക് വേണ്ടിയുള്ളതാണ്. മതേതര ഇന്ത്യ എന്ന മഹത്തായ രാഷ്ട്രീയ അടിത്തറയായിരുന്നു നമ്മുടെ കരുത്ത്. എന്നാല്‍ അതിനുമേല്‍ വംശീയമായ ആക്രമണങ്ങളുടെ തീപ്പൊരിയാണ് ഫാസിസ്റ്റുകള്‍ കോരിയിടുന്നത്. ഈ തീപ്പൊരി അവര്‍ക്കുതന്നെ വിനയായി ഭവിക്കുന്ന സ്ഥിതിയുണ്ടാകും. മതേതരത്വത്തിന് വെല്ലുവിളി ഉയര്‍ന്ന ഘട്ടങ്ങളിലെല്ലാം മുസ്‌ലിം ലീഗ് സമാധാനത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി രാജ്യത്തിനാവശ്യം സമാധാനമാണ്. സൈ്വരജീവിതം നയിക്കാനുള്ള അവകാശം നിഷേധിക്കപ്പെടരുത്. രാഷ്ട്രീയത്തില്‍ ഉയര്‍ച്ചതാഴ്ചകളുണ്ടാകാം. എന്നാല്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയം ആര്‍ക്കും യോജിച്ചതല്ല.