ശ്രീനഗര്‍: അമര്‍നാഥ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ആശ്രിതര്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ആറ് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷവും നിസാര പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവുമാണ് സര്‍ക്കാര്‍ നല്‍കുക. ഭീകരരില്‍ നിന്നും തീര്‍ത്ഥാടകരെ രക്ഷിച്ച് ആസ്പത്രിയിലെത്തിച്ച ബസ് ഡ്രൈവര്‍ ഷെയ്ഖ് സലീം ഗഫൂറിന് മൂന്നു ലക്ഷം രൂപ പാരിതോഷികവും നല്‍കും. അമര്‍നാഥ് ക്ഷേത്ര ബോര്‍ഡും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം വീതം, പരിക്കേറ്റവര്‍ക്ക് ഒന്നര ലക്ഷം, നിസാര പരിക്കുള്ളവര്‍ക്ക് 75,000 എന്നിങ്ങനെയാണ് നല്‍കുക. ഡ്രൈവര്‍ ഷെയ്ഖ് സലീമിന് രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഗവര്‍ണര്‍ എന്‍.എന്‍ വോറ വ്യക്തമാക്കി.