കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഐജിയായിരിക്കെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി തേടിയതിലെ ചട്ടലംഘനം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
അവധിയെടുത്ത് കൊല്ലത്തെ സ്വകാര്യ മാനേജ്‌മെന്റ് കോളജിന്റെ ഡയറക്ടറായതില്‍ ചട്ടലംഘനമുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസ് അന്വേഷിക്കണമെന്ന നിലപാടിലാണ് സിബിഐ. എന്നാല്‍ ജേക്കബ് തോമസിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നു. മുമ്പ് തീര്‍പ്പ് കല്‍പിച്ച വിഷയം വീണ്ടും അന്വേഷിക്കാനുള്ള സിബിഐ നീക്കം സംശയകരമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിനു മുമ്പ് തന്നെ സിബിഐ അന്വേഷണത്തിന് സന്നദ്ധത അറിയിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഐജിയായിരിക്കെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും കൈപറ്റിയ ശമ്പളം ജേക്കബ് തോമസ് തിരിച്ചടച്ചു. ഈ വിഷയം നേരത്തെ പരിശോധിച്ചതാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ തനിക്കെതിരായ അന്വേഷണത്തിന്റെ അടിസ്ഥാനമാരാഞ്ഞ് ജേക്കബ് തോമസ് സിബിഐ ഡയറക്ടര്‍ക്ക് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന കാര്യം സിബിഐയും ഉന്നയിക്കുന്നുണ്ട്.