എതിര്‍ടീമിനായി ഇന്ത്യന്‍ താരം അഞ്ച് റണ്‍സ് സ്‌കോര്‍ ചെയ്ത അപൂര്‍വ്വതക്ക് സാക്ഷ്യം വഹിച്ച് ഇന്ത്യ- ന്യൂസിലാന്റ് മൂന്നാം ടെസ്റ്റ്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പെനാല്‍റ്റിയായി കിവീസിന്‌  അഞ്ച് റണ്‍സ് നല്‍കിയത്. മത്സരത്തില്‍ പിച്ച് മനപ്പൂര്‍വം കേടുവരുത്താന്‍ ശ്രമിച്ചതിന് അമ്പയര്‍ ജഡേജയെ ശിക്ഷിക്കുകയായിരുന്നു. മാച്ച് ഫീയുടെ അമ്പത് ശതമാനവും പിഴയൊടുക്കണം.

മത്സരത്തില്‍ 27 പന്തില്‍ 17 റണ്‍സെടുത്ത ജഡേജ പിച്ചിന്റെ നടുവിലൂടെ നിരന്തരം ഓടിയതിനാണ് അമ്പയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ് ശിക്ഷിച്ചത്. മൂന്നുതവണ അമ്പയറുടെ വാണിങ് ലഭിച്ചിട്ടും വീണ്ടും ഓടി പിച്ച് കേടുവരുത്താന്‍ ശ്രമിച്ചതിനാണ് പിഴയെന്ന് ഐസിസി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഇതിനു പുറമെ മൂന്നു ഡിമെറിറ്റ് പോയിന്റുകളും ജഡേജക്ക് വിധിച്ചിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനിടെ ഒരു ഡിമെറിറ്റ് പോയിന്റ് കൂടി ലഭിക്കുകയാണെങ്കില്‍ ഒരു ടെസ്റ്റില്‍ നിന്നും രണ്ട് ഏകദിനത്തില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെടും.

ഈ പരമ്പരയില്‍ ഇത് ആദ്യമായല്ല ജഡേജക്ക് അമ്പയര്‍മാരില്‍ നിന്ന് ശാസന ലഭിക്കുന്നത്. കൊല്‍ക്കത്ത ടെസ്റ്റില്‍ പിച്ചിന് കുറുകെ ഓടിയതിന് രണ്ട് തവണ ജഡേജക്ക് വാണിങ് ലഭിച്ചിരുന്നു. പിച്ചില്‍ കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്നും പിച്ചില്‍ കാലടയളങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതായി കരുതുന്നില്ലെന്നും ന്യൂസിലാന്റ് കോച്ച് മൈക്ക് ഹെസന്‍ പറഞ്ഞു.