ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജയ് ശ്രീറാം മുഴക്കി പള്ളിക്കു നേരെ ആക്രമണം. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള സംഭാവന സ്വീകരിച്ചുള്ള റാലിക്കിടെയാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ പള്ളിക്കു നേരെ അക്രമമഴിച്ചു വിട്ടത്. ജയ്ശ്രീറാം വിളിച്ച് 200ലധികം പേര്‍ പള്ളിക്കു പുറത്ത് സംഘടിക്കുകയായിരുന്നു. തുടര്‍ന്ന് കല്ലേറും നടത്തി. കാവി പതാകകള്‍ ഉയര്‍ത്തി പള്ളിയില്‍ കയറി മിനാരങ്ങള്‍ തകര്‍ക്കാനും ശ്രമമുണ്ടായി. ചന്ദന്‍ഖേഡിയിലെ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തായിരുന്നു ആക്രമണം.

സംഭവത്തിന്റെ വീഡിയോ അടക്കം പുറത്തു വന്നതോടെ 24 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരായ കളക്ടര്‍ മനീഷ് സിങ്, സീനിയര്‍ പോലീസ് സൂപ്രണ്ട് ഹരിനാരായണന്‍ ചാരി മിശ്ര എന്നിവര്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സ്ഥലത്തുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

സെക്ഷന്‍ 144 പ്രകാരം ഇന്ദോര്‍ കളക്ടര്‍ നിരോധന ഉത്തരവുകള്‍ ഏര്‍പ്പെടുത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചന്ദന്‍ ഖേഡി, ധര്‍മ്മത്ത്, രുദ്രാഖ്യ, സുനാല, ദുധഖേഡി, ഗൗതംപുര, സാന്‍വേര്‍ മുനിസിപ്പല്‍ കൗണ്‍സിലുകളുടെ ഗ്രാമപഞ്ചായത്തുകളിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.