കോഴിക്കോട്: ജയിലിലെ തടവുപുള്ളികള്‍ക്ക് ഇനി മുതല്‍ ടീഷര്‍ട്ടും ബര്‍മുഡയും വേഷം. സ്ത്രീകള്‍ക്ക് ചുരിദാറുമാണ്. സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ വേഷം നല്‍കുക. നിറത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

മുണ്ട് ഉപയോഗിച്ച് ജയിലില്‍ തൂങ്ങിമരണങ്ങള്‍ അടക്കം ഉണ്ടാകുന്ന സാഹചര്യത്തിലാണ് തടവുപുള്ളികളുടെ വേഷത്തില്‍ വ്യത്യാസം വരുത്താന്‍ തീരുമാനമായത്. കോഴിക്കോട് സബ്ജയിലില്‍ കഴിഞ്ഞ ദിവസം തടവുകാരന്‍ ജീവനൊടുക്കിയത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് ടീഷര്‍ട്ടും ബനിയനും എന്ന പുതിയ ആശയം മുന്നോട്ടു വക്കുകയായിരുന്നു.

ആദ്യഘട്ടമെന്ന നിലയില്‍ കോഴിക്കോട് ജയിലിലായിരിക്കും വേഷമാറ്റം ഉണ്ടാകുക. 200 പുരുഷന്‍മാരും 15 സ്ത്രീകളുമാണ് ജയിലില്‍ ഉള്ളത്. വസ്ത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ള സ്വകാര്യ കമ്പനികള്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെടണം. ഒരാള്‍ക്ക് 2 ജോഡി വസ്ത്രമാണ് നല്‍കുന്നത്.