ജയ്പൂര്‍: പദ്മാവതി സിനിമയുമായി ബന്ധപ്പെട്ടെന്ന് സംശയിക്കുന്ന രീതിയില്‍ രാജസ്ഥാനിലെ ജയ്പൂരില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ചേതന്‍ സൈനി എന്നയാളാണ് മരിച്ചത്. നഹര്‍ഗഢ് കോട്ടയിലാണ് ഇയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. പദ്മാവതിയില്‍ പ്രതിഷേധിച്ചാണ് മരണമെന്ന് സമീപത്തെ പാറക്കെട്ടുകളില്‍ എഴുതിവെച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പ്രതിമകളെ കത്തിക്കില്ലെന്നും ഞങ്ങള്‍ കൊല്ലുകയേ ഉള്ളൂവെന്നും പാറകളില്‍ എഴുതിവെച്ചിട്ടുണ്ട്.

എന്നാല്‍ ഇത് ആത്മഹത്യയാകാമെന്ന് കര്‍ണി സേന പ്രസിഡന്റ് മഹിപാല്‍ സിംങ് മക്രാന പറഞ്ഞു. ഇങ്ങനെയല്ല തങ്ങളുടെ പ്രതിഷേധ രീതിയെന്നും അദ്ദേഹം പ്രതികരിച്ചു. 190കോടി രൂപ ചെലവിലുള്ള പദ്മാവതി സഞ്ജയ് ലീല ബന്‍സാലിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്നാണ് കര്‍ണിസേനയുടെ ആരോപണം.