സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള ചങ്ങാത്തം റയല്‍ മാഡ്രിഡ് ഫോര്‍വേഡ് ഹാമിസ് റോഡ്രിഗസിന്റെ കളിക്കളത്തിലെ പെരുമാറ്റം മോശമാക്കുന്നുവെന്ന് പരാതി. കൊളംബിയന്‍ ഇതിഹാസ താരം ഫോസ്റ്റിനോ അസ്പ്രില്ലയാണ് കൊളംബിയന്‍ താരത്തിനും ക്രിസ്റ്റ്യാനോക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മുമ്പ് സഹതാരങ്ങളുായി ധാരണയില്‍ കളിക്കാറുണ്ടായിരുന്ന ഹാമിസ് റോഡ്രിഗസ്, ഇപ്പോള്‍ മറ്റുള്ളവര്‍ തനിക്ക് പന്ത് പാസ് ചെയ്തില്ലെങ്കില്‍ ക്ഷുഭിതനാവുന്നുണ്ടെന്നും ഇത് ക്രിസ്റ്റ്യാനോയില്‍ നിന്ന് പഠിച്ചതാണെന്നുമാണ് അസ്പ്രില്ലയുടെ വിമര്‍ശനം.

‘ഹാമിസിനെ ഞാന്‍ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ഈയിടെയായി ക്രിസ്റ്റിയാനോ അവന്റെ സ്വഭാവം വഷളാക്കുന്നതായാണ് കാണുന്നത്. റയലില്‍ സഹതാരങ്ങള്‍ പന്ത് നല്‍കിയില്ലെങ്കില്‍ ക്രിസ്റ്റ്യാനോ അരിശം പ്രകടിപ്പിക്കാറുണ്ട്. കൊളംബിയന്‍ ടീമില്‍ ഇപ്പോള്‍ ഹാമിസും അത് തുടങ്ങിയിട്ടുണ്ട്.’ അസ്പ്രില്ല പറഞ്ഞു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ സഹതാരം അലവാറസ് ബലാന്തയോട് ഹാമിസ് അരിശം പ്രകടിപ്പിച്ച സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫോസ്റ്റിനോ അസ്പ്രില്ല
ഫോസ്റ്റിനോ അസ്പ്രില്ല

‘ഹാമിസ് ആദ്യം ചെയ്യേണ്ടത് തന്റെ സഹകളിക്കാരെ മെച്ചപ്പെടാന്‍ സഹായിക്കുകയാണ്. തന്നെ ബഹുമാനിക്കുന്ന ചെറുപ്പക്കാര്‍ക്കൊപ്പമാണ് അദ്ദേഹം കളിക്കുന്നത്. മറ്റൊരു ടീമിലാണെങ്കില്‍ ചിലപ്പോള്‍ ഈ സ്വഭാവത്തിന് തല്ലുകിട്ടിയെന്നിരിക്കും. ഞാന്‍ ഇപ്പോള്‍ കളിക്കുന്നുണ്ടെങ്കില്‍ ഇത്തരം സ്വഭാവങ്ങള്‍ വെച്ചു പൊറുപ്പിക്കില്ല.’

‘മത്സരത്തിനിടെ റഫറിയുമായി തര്‍ക്കിക്കുന്നതും എതിര്‍ കളിക്കാരുമായി ഏറ്റുമുട്ടുന്നതുമെല്ലാം സ്വാഭാവികമാണ്. പക്ഷേ, സ്വന്തം കളിക്കാരുടെ അടുത്ത് ഇതൊന്നും പാടില്ല. തനിക്ക് പാസ് കിട്ടാത്തതിന്റെ പേരില്‍ അവരോട് കയര്‍ക്കുന്നത് ഏറ്റവും മോശം സ്വഭാവമാണ്. ക്രിസ്റ്റ്യാനോ ആഴ്ച തോറും ചെയ്യുന്നത് ഇതാണ്.’ കൊളംബിയക്കു വേണ്ടി 57 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച അസ്പ്രില്ല പറഞ്ഞു.