ഫൈസാബാദ്(പട്ടിക്കാട്): ആത്മീയ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ 56ാം വാര്‍ഷിക 54ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢ സമാപനം. സമാപന സമ്മേളനം ഇന്റര്‍നാഷനല്‍ യൂനിയന്‍ ഓഫ് യൂനിവേഴ്‌സിറ്റീസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഖൈര്‍ ഗബ്ബാനി അല്‍ ഹുസൈനി (സിറിയ) ഉദ്ഘാടനം ചെയ്തു. തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ യൂനിയന്‍ ഓഫ് യൂനിവേഴ്‌സിറ്റീസില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യക്കുള്ള അംഗത്വ സര്‍ട്ടിഫിക്കറ്റ് അദ്ദേഹം കൈമാറി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സനദ്ദാനം നിര്‍വഹിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ മുഖ്യപ്രഭാഷണവും സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗവും നടത്തി. പി.പി മുഹമ്മദ് മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഡോ. മുഹമ്മദ് ഖൈര്‍ ഗബ്ബാനി അല്‍ ഹുസൈനി സമ്മാനിച്ചു. റാങ്ക് ജേതാക്കള്‍ക്കുള്ള എം.ഇ.എ എഞ്ചിനീയറിങ് കോളജ് ശിഹാബ് തങ്ങള്‍ അവാര്‍ഡ്, മസ്‌കറ്റ് സുന്നിസെന്റര്‍ അവാര്‍ഡ് എന്നിവയും ചടങ്ങില്‍ സമ്മാനിച്ചു.
ബ്രൂണെ ഹൈക്കമ്മീഷണര്‍ ഹാജി സിദ്ദീഖലി, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കര്‍ണാടക വഖഫ് – ന്യൂനപക്ഷ വകുപ്പ് മന്ത്രി സമീര്‍ അഹ്മദ് ഖാന്‍, ശൈഖ് യഅ്ഖൂബ് മുഹമ്മദ് അല്‍ റാബി ഒമാന്‍, ശൈഖ് അബ്ദുല്ല മുഹമ്മദ് അല്‍ റബി ഒമാന്‍, ഡോ. സ്വലാഹുദ്ദീന്‍ ഇബ്‌നു അശൈഖ് അല്‍ ബദവി, അബ്ദുല്‍ മഹ്മൂദ് അല്‍ ഹന്‍ജര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എം.പി അബ്ദുസ്സമദ് സമദാനി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വി. മോയിമോന്‍ ഹാജി മുക്കം പ്രസംഗിച്ചു.