അസാധാരണ നീക്കങ്ങള്‍ക്കൊടുവില്‍ ഭരണഘടനാ വകുപ്പുകള്‍ നീക്കി ജമ്മു-കശ്മീരിനെ വിഭജിച്ച സര്‍ക്കാറിന്റെ ഉത്തരവിനെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കലുഷിതമായ അന്തരീക്ഷത്തിലൂടെ നീങ്ങുന്ന കശ്മിര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഗുലാം നബി ആസാദ്, ബി.ജെപി ഭരണഘടനയെ കൊന്നുവെന്ന് തുറന്നടിച്ചു.

താഴ്വര മുഴുവന്‍ ആശങ്കയിലാണ്. മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ തടങ്കലിലാണ്. മുതിര്‍ന്ന പല നേതാക്കളും തടവിലാണ്. യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഗുലാം നബി ആസാദ് രാജ്യസഭയില്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയ്ക്കൊപ്പമാണ് തങ്ങള്‍ നില്‍ക്കുന്നത്. അതിനുവേണ്ടി ജീവന്‍ നല്‍കാനും തങ്ങള്‍ തയ്യാറാണ്. ഭരണഘടനയെ മറികടന്നുള്ള കാര്യങ്ങളെ തങ്ങള്‍ അപലപിക്കുന്നുവെന്നും ബി.ജെപി ഭരണഘടനയെ കൊന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

അസാധാരണ നീക്കങ്ങളോടെ കശ്മിരില്‍ കേന്ദ്രം നടത്തുന്ന നടപടിയെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുന്നുണ്ട്. പ്രമുഖ നേതാക്കളെ തടവിലാക്കിയതിനെതിരെ പ്രമുഖ നേതാക്കളായ ശശി തരൂര്‍ പി.ചിദംബരം, എന്നിവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

നിങ്ങള്‍ ഒറ്റക്കല്ല ഒമര്‍ അബ്ദുള്ള എന്നു ട്വീറ്റ് ചെയ്ത തരൂര്‍, ഇന്ത്യന്‍ ജനാധിപത്യം കശ്മീരിനായി നിലകൊള്ളുമെന്നും ഇന്ത്യന്‍ ജനാധിപത്യം കശ്മീരിനായി നിലകൊള്ളുമെന്നും രാജ്യത്തിന്റെ പാര്‍ലന്റെ് സഭകള്‍ നിങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുമെന്നും അറസ്റ്റിലായ നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി കുറിച്ചു.

സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി പി. ചിദംബരവും രംഗത്തെത്തി. തങ്ങളുടെ ലക്ഷ്യം നേടാന്‍ എല്ലാ ജനാധിപത്യ മൂല്യങ്ങളേയും തത്വങ്ങളേയും സര്‍ക്കാര്‍ ലംഘിക്കുമെന്നാണ് കശ്മീരിലെ നേതാക്കളുടെ അറസ്റ്റിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ഈ നടപടിയെ ഞാന്‍ അപലപിക്കുന്നു. കശ്മീരിനെ സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനം തെറ്റാണ്. ഈ എടുത്തുചാട്ടത്തിനെതിരെ ഞാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.’-ചിദംബരം ട്വീറ്റ് ചെയ്തു.

പ്രത്യേക അധികാരം പ്രയോഗിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവില്‍ ഒപ്പുവച്ചു. ജമ്മു-കശ്മീര്‍ ഇനിമുതല്‍ നിയമസഭയുള്ള ഒരു കേന്ദ്രഭരണ പ്രദേശമായിരിക്കും. ഒരു സംസ്ഥാനമായിരിക്കില്ല. നിയമനിര്‍മ്മാണം നടത്താതെ ലഡാക്ക് കേന്ദ്രഭരണ പ്രദേശമാകും. ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. നേതാക്കളെ വീട്ടുതടങ്കലിലാക്കിയതുള്‍പ്പെടെയുള്ള കശ്മീരിനെ ഭീതിമുനയിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ജമ്മു-കശ്മീരിന്റെ പല ഭാഗത്തും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍, ഇന്റര്‍നെറ്റ്, ലാന്റ് ലൈന്‍ ഫോണ്‍ സേവനങ്ങള്‍ റദ്ദാക്കി.