ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹാറും സഹോദരന്‍ അജിത് കുമാര്‍ പരിഹാറും വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ജമ്മു പ്രവിശ്യയിലെ കിഷ്ത്വാറില്‍ വെച്ച് ഇവര്‍ക്ക് അജ്ഞാത സംഘത്തിന്റെ വെടിയേല്‍ക്കുകയായിരുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് നവംബര്‍ 17ന് ആരംഭിക്കാനിരിക്കെയാണ് അക്രമം നടന്നത്. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഭീകരവാദികളാണ് അക്രമം നടത്തിയതെന്നാണ് നിഗമനം.

പരിഹാറിന്റെ വീടിന് പുറത്ത് വച്ചായിരുന്നു ആക്രമണം. ഉടന്‍ തന്നെ ഇരുവരെയും ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണവാര്‍ത്ത പുറത്തുവന്നതോടെ ആസ്പത്രിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തിയതിനാല്‍ സഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. കൊല്ലപ്പെട്ട അനില്‍ പരിഹാര്‍ 2008-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിഷ്ത്വാര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു.