ന്യൂഡല്‍ഹി: ആര്‍.എസ്.എസ് എക്കാലവും ഉയര്‍ത്തിപ്പിടിച്ച മൂന്ന് ആവശ്യങ്ങളില്‍ ഒന്നായ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുക, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക, ഏക സിവില്‍കോഡ് നടപ്പാക്കുക എന്നീ ആവശ്യങ്ങളാണ് ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം എക്കാലവും അവരുടെ പ്രകടനപത്രികയില്‍ ഉയര്‍ത്തിപ്പിടിക്കാറുള്ളത്. ഇതില്‍ പ്രധാനപ്പെട്ട ഒരു ആവശ്യമാണ് ബി.ജെ.പി ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.

രാവിലെ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് രാജ്യസഭയില്‍ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീര്‍ കനത്ത സുരക്ഷാ വലയത്തിലാണ്. ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയ മുന്‍ മുഖ്യമന്ത്രിമാരും പ്രധാന നേതാക്കളുമെല്ലാം വീട്ടുതടങ്കലിലാണ്. മൊബൈല്‍ സേവനങ്ങളും ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കി ആശയവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. സംഘര്‍ഷമൊഴിവാക്കാനാണ് ഇത്തരം നീക്കങ്ങളെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു നിര്‍ണായ നീക്കം. 1950ല്‍ ഭരണഘടന നിലവില്‍ വന്നതു മുതല്‍, അതിര്‍ത്തി സംസ്ഥാനത്തിനു പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പിനെ എതിര്‍ത്തുപോന്ന നയമാണു ബി.ജെ.പിക്കുള്ളത്. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ് 1950കളുടെ തുടക്കത്തില്‍ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രാവാക്യമുയര്‍ത്തി 370-ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യം ഭരണഘടനാ അസംബ്ലിയില്‍ അദ്ദേഹം ശക്തമായി എതിര്‍ത്തു. സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവര്‍ഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവര്‍ഷമാണ്. നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണം. ഭരണഘടനയിലെ താല്‍ക്കാലിക വ്യവസ്ഥ എന്ന നിലയില്‍ കൊണ്ടുവന്നതാണു 370-ാം വകുപ്പ്.