വാഷിങ്ടണ്‍: ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങുന്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തമായ തിരിച്ചടി നല്‍കാന്‍ വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് കിം ജോങുന്‍ മുന്നറിയിപ്പു നല്‍കി. പെസഫിക് സമുദ്രത്തില്‍ ഏറ്റവും ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കലാണ് അടുത്ത പദ്ധതി. ഉത്തരകൊറിയയെ പൂര്‍ണമായും നശിപ്പിച്ചു കളയുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് മറുപടിയായാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന് തയാറെടുക്കുന്നതെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ വെളിപ്പെടുത്തി. ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റിയോങ്. ്’അപ്രതീക്ഷിത ശക്തിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ നേതാവ് കാര്യങ്ങള്‍ തീരുമാനിക്കും. കൂടുതല്‍ പുറത്തുപറയില്ല’-റി യോങ് ഹോ പറഞ്ഞു.
സമാനരീതിയില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ഉത്തരകൊറിയ ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിരുന്നു. ഉത്തരകൊറിയയുടെ ആറാമത്തെ അണുബോംബ് പരീക്ഷണമാണ് അന്ന് നടന്നത്. ഇതുവരെ നടത്തിയതില്‍ ഏറ്റവും ശക്തവുമായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയെ യു.എസ് ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ച ലിറ്റില്‍ ബോയ് അണുബോംബിന്റെ എട്ടിരട്ടി സംഹാരശേഷി ഇതിനുണ്ടായിരുന്നുവെന്നാണ് നിഗമനം. വിവിധ ഭൂചലനമാപിനികള്‍ 6.3 തീവ്രതയാണ് സ്‌ഫോടനം രേഖപ്പെടുത്തിയത്.