ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സ ഏറെ നീളുമെന്നുറപ്പായതോടെ മുന്‍ മുഖ്യമന്ത്രി പന്നീര്‍ സെല്‍വം ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ചര്‍ച്ചയെന്നാണ് നിഗമനം. ഇ പഴനി സ്വാമിയോ പനീര്‍സെല്‍വമോ മുഖ്യമന്ത്രിയായേക്കും.

ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ അതിഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് ജയലളിത. അണുബാധയും കടുത്ത ശ്വാസ തടസവും പനിയുമാണ് ജയയെ തളര്‍ത്തിയത്. ചികിത്സ ഇനിയും നീളുമെന്നുറപ്പായതോടെ ഭരണ സ്തംഭനം ഒഴിവാക്കുന്നതിനാണ് ഗവര്‍ണറെ കണ്ടതെന്നാണ് സൂചന. ഇന്ന് ചെന്നൈയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആസ്പത്രിയില്‍ ജയയെ സന്ദര്‍ശിച്ചിരുന്നു.

എന്നാല്‍, മുഖ്യമന്ത്രി മരിച്ചതായുള്ള അഭ്യഹങ്ങള്‍ ഇപ്പോഴും തമിഴ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. മരിച്ചെന്നും ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉടനെ പുറത്തുവരുമെന്നുമുള്ള നിലക്കാണ് സോഷ്യല്‍ മീഡിയയില്‍ അഭ്യുഹങ്ങള്‍ പ്രചരിക്കുന്നത്.

ആസ്പത്രിയിലെ അതീവ രഹസ്യ സ്വഭാവമുള്ള ചികിത്സകളും സെക്യൂരിറ്റി സംവിധാനങ്ങളുമാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കുന്നത്. ആസ്പത്രിയിലെ നഴ്‌സിന്റേതെന്നവാകാശപ്പെട്ട ശബ്ദരേഖയും ഇതോടനുബന്ധിച്ച് പുറത്തുവന്നിരുന്നു. അതിനിടെ, ജയലളിതയുടെ ഫോട്ടോ പുറത്തുവിട്ട് അഭ്യൂഹങ്ങള്‍ പുറത്തു വരുന്നത് അവസാനിപ്പിക്കണമെന്ന് ഡി.എം.കെ നേതാവ് എം.കരുണാനിധി ആവശ്യപ്പെട്ടിരുന്നു.