തിരുവനന്തപുരം:വ്യവസായ മന്ത്രി ഇപി ജയരാജനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. കെ.എസ്‌.ഐ.ഇയുടെ തലപ്പത്ത് ഭാര്യാ സഹോദരി പുത്രന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് രമേശ് ചെന്നിത്തല വിജിലന്‍സിന് കത്ത് നല്‍കിയത്.

മന്ത്രി എന്ന നിലയില്‍ കുറ്റകരമായ സ്വജനപക്ഷപാതമാണ് ജയരാജന്‍ വരുത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. മന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ ഇട്ട് കേസ് എടുക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. വിഷയത്തില്‍ വിജിലന്‍സ് എന്ത് നടപടി എടുക്കുമെന്നത് താന്‍ കാത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.  ജയരാജനെതിരെ കേസെടുക്കണമെന്നും ജയരാജന്‍ രാജിവെക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ആവശ്യപ്പെട്ടു.

എന്നാല്‍ നിയമനവിവാദത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് മന്ത്രി ഇപി ജയരാജന്‍ മറുപടി പറഞ്ഞത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉന്നയിക്കട്ടെ. എല്ലാ ആരോപണങ്ങള്‍ക്കും അവസാനം മറുപടി പറയും. ആരോപണം ഉന്നയിക്കുന്നവരുടെ പേരുകള്‍ താന്‍ കേട്ടിട്ട് പോലുമില്ലെന്നും ജയരാജന്‍ കൊച്ചിയില്‍ പറഞ്ഞു.

വിഷയത്തില്‍ ഇപി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു വരുത്തി ശകാരിച്ചു. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചു വരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ ശകാരം. വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചുവെന്ന് പിണറായി ജയരാജനെ അറിയിച്ചു. അര മണിക്കൂര്‍ നേരം ജയരാജനുമായി മുഖ്യമന്ത്രി സംസാരിച്ചു. ഇത്തരം വിവാദങ്ങള്‍ ഇനി ആവര്‍ത്തികരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വിവാദങ്ങളെ തുടര്‍ന്ന് സുധീര്‍ നമ്പ്യാരുടെ നിയമനം റദ്ദാക്കിയിരുന്നു