X

കര്‍ണാടകയില്‍ ബി.ജെ.പിക്കൊപ്പം ലയിച്ച് ജെ.ഡി.എസ്

ബി.ജെ.പിയുമായി സഖ്യം പ്രഖ്യാപിച്ച് ജെഡിഎസ്. കര്‍ണാടകയില്‍ ബിജെപിയുമായി ചേര്‍ന്നു പ്രതിപക്ഷസഖ്യമായി പ്രവര്‍ത്തിക്കുമെന്നു ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. കര്‍ണാടകയില്‍ കിങ് മേക്കറായി അധികാരത്തിലെത്താമെന്ന പ്രതീക്ഷയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജെഡിഎസിനു കൈവശമുള്ള സീറ്റുകള്‍ പോലും നഷ്ടമായിരുന്നു.

224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 135 സീറ്റുകള്‍ നേടിയപ്പോള്‍, ബി.ജെ.പിക്ക് 66, ജെ.ഡി.എസിനു 19 എന്നിങ്ങനെയാണു ജയിക്കാനായത്. കോണ്‍ഗ്രസിനു സര്‍ക്കാരുണ്ടാക്കാന്‍ മികച്ച ഭൂരിപക്ഷം കിട്ടിയതോടെ ജെഡിഎസിന്റെ സാധ്യത മങ്ങി. ഇതോടെയാണു ബി.ജെ.പിക്കൊപ്പം ജെ.ഡി.എസും പ്രതിപക്ഷത്തായത്. ഇനി ബിജെപിയോടൊപ്പം ചേര്‍ന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ നിലകൊള്ളാനാണു തീരുമാനം.

പ്രതിപക്ഷ പാര്‍ട്ടികളായ ബി.ജെ.പിയും ജെ.ഡി.എസും സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തി സഭയുടെ അകത്തും പുറത്തും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വിഭാഗങ്ങളില്‍നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി 10 അംഗ സമിതിയെ നിയോഗിക്കാന്‍ പാര്‍ട്ടി തലവനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡ നിര്‍ദേശിച്ചു. കോണ്‍ഗ്രസ് ഭരണത്തിന്റെ ദോഷങ്ങള്‍ കണ്ടെത്തുകയാണ് ഈ സമിതിയുടെ ചുമതല എന്ന് കുമാരസ്വാമി പറഞ്ഞു.

സംസ്ഥാനത്തെ സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലുമുണ്ടാകുമോ എന്ന ചോദ്യത്തിന് അതിനിനിയും സമയമുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി 11 മാസമുണ്ട്. പൊതുതിരഞ്ഞെടുപ്പ് വരുമ്പോള്‍ എന്തു സംഭവിക്കുമെന്നു നോക്കാം. പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. പാര്‍ട്ടിയെ സംബന്ധിച്ച് എന്തു തീരുമാനവും എടുക്കാന്‍ ദേവെഗൗഡ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്” കുമാരസ്വാമി വിശദീകരിച്ചു.

webdesk13: