പാറ്റ്‌ന: അരുണാചല്‍ പ്രദേശില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിലെ ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് സംസ്ഥാന നിയമസഭയില്‍ ഒറ്റ എംഎല്‍എ മാത്രമായി. 60 അംഗ നിയമസഭയില്‍ ഇതോടെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്റെ ഒരംഗം ഉള്‍പ്പെടെ ബിജെപി പക്ഷത്ത് 48 എംഎല്‍എമാരായി.

ജെഡിയു എംഎല്‍എമാരായ ഹായെംഗ് മംഗ്ഫി, ജിക്കേ താക്കോ, ഡോങ്‌റു സിയോങ്ജു, താലേം തബോ, കാംഗോംഗ് താക്കു, ദോര്‍ജീ വാമ്ങ്ഡി ഖര്‍മ എന്നിവരാണ് പാര്‍ട്ടി വിട്ടത്. ജെഡിയു സംസ്ഥാന അദ്ധ്യക്ഷനോട് ചര്‍ച്ച ചെയ്യാതെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് ഇവരില്‍ മൂന്ന് പേരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സസ്‌പെന്റ് ചെയ്തിരുന്നു.

ബിജെപി വിശ്വാസവഞ്ചന നടത്തിയെന്ന് നിതീഷ്‌കുമാര്‍ പറഞ്ഞു. അരുണാചലില്‍ ജെഡിയു പ്രതിപക്ഷത്താണെങ്കിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു.