കേരളത്തിലെ സമരത്തെ പരിഹസിച്ചും വിമര്‍ശിച്ചും നടന്‍ മമ്മുട്ടി. കെ.എസ്.ആര്‍.ടി.സിക്ക് കല്ലെറിയലാണ് നമ്മുടെ സമരമാര്‍ഗ്ഗമെന്ന് മമ്മുട്ടി പറഞ്ഞു. ഒറ്റപ്പാലത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടില്‍ അഞ്ചു ലക്ഷത്തോളം പേര്‍ ഒരു നേതാവു പോലും ഇല്ലാതെ നടത്തിയ സമരം വല്ലാതെ ആകര്‍ഷിച്ചു. സമരം നടക്കുമ്പോള്‍ വീട്ടില്‍ ഇരിക്കുന്നവരും അതിനെ തള്ളിപ്പറയുന്നവരുമാണ് മലയാളികളെന്നും മമ്മുട്ടി പറഞ്ഞു. നമ്മുടെ സമരമാര്‍ഗ്ഗം കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിയലും കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിക്കലുമാണ്. കാളയെ ഉപദ്രവിക്കലോ വെട്ടിപ്പിടിക്കലോ അല്ല ജെല്ലിക്കെട്ട്. പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ കുത്തിക്കൊല്ലുന്നുമില്ല. പൗരുഷത്തിന്റെയും ഹീറോയിസത്തിന്റെയും പ്രകടനമാണിത്.
ജാതി-മത- രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരു നേതാവില്ലാതെ മൊട്ടുസൂചി കൊണ്ട് പോലും അക്രമം നടത്താതെ തമിഴ് ജനത നടത്തുന്ന ജെല്ലിക്കെട്ട് സമരം കേരളത്തിന് സ്വപ്‌നം കാണാന്‍ സാധിക്കാത്തതാണെന്നും മമ്മുട്ടി കൂട്ടിച്ചേര്‍ത്തു.
ജെല്ലിക്കെട്ട് നിരോധനത്തിന് നേരെ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മലയാള താരങ്ങളായ മമ്മുട്ടിയും നിവിന്‍പോളിയും എത്തിയിരുന്നു. അതേസമയം, പ്രക്ഷോഭം അക്രമാസക്തമായ സ്ഥിതിയാണ് തമിഴ്‌നാട്ടില്‍. അഞ്ചുമണിയോടെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ജെല്ലിക്കെട്ട് ബില്‍ പാസാക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. മറീന ബീച്ചുള്‍പ്പെടെ ചെന്നൈയില്‍ പലയിടങ്ങളിലും പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്.
Be the first to write a comment.