പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കാന്‍ പിതാവ്. പ്രധാനമന്ത്രിക്ക് കൈമാറാനായി മാര്‍ മാത്യു അറയ്ക്കലിന് നിവേദനം കൈമാറി. ജെസ്‌ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവും ഇല്ലെന്നും ഈ സാഹചര്യത്തിലാണ് പരാതിയെന്നും കത്തില്‍ പറയുന്നു.

ജെസ്‌നയുടെ തിരോധാനത്തിനു പിന്നിലെ കാരണം കണ്ടെത്തിയതായി പൊലീസ് കഴിഞ്ഞിടയ്ക്ക് സൂചന നല്‍കിയിരുന്നു. ജെസ്‌ന തമിഴ്‌നാട്ടിലേക്കാണ് പോയതെന്നും ജീവിച്ചിരിപ്പുണ്ടെന്നുമുള്ള അനൗദ്യോഗിക വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചവസാനം ജെസ്‌നയെ സംബന്ധിച്ച് ചില വിവരങ്ങള്‍ പൊലീസിനു ലഭിച്ചെങ്കിലും കോവിഡ് വ്യാപനമായതിനാല്‍ അന്വേഷണത്തില്‍ തടസ്സങ്ങള്‍ നേരിട്ടിരുന്നു. തുടര്‍ന്ന് വിവരങ്ങള്‍ എത്രയും പെട്ടെന്ന് പുറത്തുവരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കേസ് അന്വേഷിച്ച എസ്പി കെ.ജി. സൈമണ്‍ വിരമിച്ചത്.

രണ്ടു വര്‍ഷം മുമ്പാണ് ജെസ്‌നയെ കാണാതായത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.