ന്യൂഡല്‍ഹി : നിയമവിരുദ്ധമായി വിമാനത്തില്‍ പണം കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരിയെയും ഇടനിലക്കാരനെയും റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. ഡല്‍ഹി വിമാന താവളത്തില്‍ നിന്നും ഹോങ്കോങ്ങിലേക്ക് വിമാനം പറയുന്നരുന്നതിനു തൊട്ടുമുന്‍പായി രഹസ്യ വിവരത്തെ തുടര്‍ന്ന് റവന്യൂ ഇന്റലിജന്‍സ് വകുപ്പ് അപ്രതീക്ഷിതമായി വിമാനത്തില്‍ നടത്തിയ പരിശോധനയിലാണ് 3.24 കോടി രൂപയോളം വിലമതിക്കുന്ന യു.എസ് ഡോളര്‍ കടത്താന്‍ ശ്രമിക്കവെ ദേവക്ഷി കുല്‍ശ്രേഷ്ട എന്ന എയര്‍ഹോസ്റ്റസ് പിടിയിലായത്. പണം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞനിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇടനിലക്കാരനായ അമിത് മല്‍ഹോത്രയും യുവതിക്കൊപ്പം അറസ്റ്റിലായി.

രണ്ടുമാസത്തിനിടെ ഇത്തരത്തില്‍ പല യാത്രകളിലായി 10 ലക്ഷം ഡോളര്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചതായി ദേവക്ഷി ഇന്റലിജന്‍സിനോട് പറഞ്ഞു. ഓരോ തവണ പണം കടത്തുമ്പോഴും ഒരു ലക്ഷം രൂപ തനിക്ക് ലഭിച്ചിരുന്നതായും യുവതി പറഞ്ഞു.

ദേവക്ഷിയുടെ ബാഗുകള്‍ പരിശോധിച്ച ഇന്റലിജന്‍സ് വിഭാഗം തുണികളുടെയും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെയും അടിയിലാണ് പണം കണ്ടെത്തിയത്. ഇന്റലിജന്‍സ് ചോദ്യം ചെയ്യലില്‍ ദേവക്ഷി കുറ്റം സമ്മതിക്കുകയും ഇടനിലക്കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയുമായിരു്ന്നു.

അമിത് മല്‍ഹോത്ര എന്ന ഹവാല ഇടപാടുകരാനുമായി ആറുമാസം മുമ്പാണ് ദേവക്ഷിയുമായി പരിചയത്തിലാകുന്നത്. പിന്നീട് ഇവരെ ഇത്തരത്തില്‍ പണം കടത്താന്‍ ഉപയോഗിച്ചു വരികയായിരുന്നു അമിത് മല്‍ഹോത്ര. വിമാനത്തിലെ മറ്റ് പല ജീവനക്കാരെ ഉപയോഗിച്ച് അമിത് ഇത്തരത്തില്‍ പണം കടത്തുന്നതായി ഇന്റലിജന്‍സ് വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.

വീഡിയോ കാണാം