ജാര്‍ഖണ്ഡില്‍ വീടിന് മുന്നില്‍ ചത്ത പശുവിനെ കണ്ടതിനെ തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദ്ദനം. ഉസ്മാന്‍ അന്‍സാരി എന്നയാളെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ശേഷം വീടിന് തീവെക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

19601146_1583984801636330_3269839911036233882_n

ജാര്‍ഖണ്ഡിലെ ദിയോരിക്ക് സമീപമാണ് സംഭവം. ചത്തപശുവിനെ വീടിന് മുന്നില്‍ കണ്ടുവെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ അന്‍സാരിയേയും കുടുംബാംഗങ്ങളേയും മര്‍ദ്ദിക്കുകയായിരുന്നു. അന്‍സാരിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു. തുടര്‍ന്ന് അക്രമികള്‍ വീടിന് തീയിടുകയും കല്ലെറിയുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് അന്‍സാരിയെ ആസ്പത്രിയിലെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ പോലീസിന് നേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. ആക്രമണത്തില്‍ അമ്പതോളം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദന്‍ബാദിലെ ആസ്പത്രിയില്‍ അന്‍സാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ക്ഷീര കര്‍ഷകനാണ് അന്‍സാരിയെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച്ചയാണ് കയ്യില്‍ ബീഫുണ്ടെന്നാരോപിച്ച് ഹരിയാനയിലെ ജുനൈദിനെ അക്രമികള്‍ കുത്തിക്കൊന്നത്. പെരുന്നാളിനും നോമ്പുതുറക്കുമായി സാധനങ്ങള്‍ വാങ്ങിവരികയായിരുന്ന സഹോദര്‍മാരെ തീവണ്ടിയില്‍ വെച്ച് മര്‍ദ്ദിച്ചായിരുന്നു കൊലപാതകം നടത്തിയത്.