തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയോട് പോലീസ് കാണിച്ചഅതിക്രമത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തെക്കുറിച്ച് ഐ.ജിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ അതിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ആസ്പ്ത്രിയില്‍ പോയി കാണില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐ.ജിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം സംഭവത്തില്‍ തുടര്‍നടപടിയെന്ന് പിണറായി പറഞ്ഞു. ജിഷ്ണുവിന്റെ ബന്ധുക്കള്‍ മാത്രമല്ല സമരത്തിനെത്തിയതെന്നും സംഭവത്തെ ന്യായീകരിച്ച് പിണറായി പറഞ്ഞു. പുറത്തുനിന്നെത്തിയവര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. ഇവരെയാണ് പോലീസ് തടയാന്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മഹിജയെ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. വിദഗ്ധചികിത്സക്ക് വേണ്ടിയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. മഹിജക്കും ജിഷ്ണുവിന്റെ അമ്മാവനും പരിക്കേറ്റിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുണ്ടായ ജിഷ്ണുവിന്റെ ആറു ബന്ധുക്കളെ പോലീസ് വിട്ടയച്ചു.