വാഷിംഗ്ടണ്‍: അഭയാര്‍ത്ഥികളെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ടാണ് ബൈഡന്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വരുന്ന സാമ്പത്തികവര്‍ഷത്തില്‍ 1,25,000 അഭയാര്‍ത്ഥികളെ രാജ്യം സ്വീകരിക്കുമെന്നാണ് ബൈഡന്‍ അറിയിച്ചിരിക്കുന്നത്. പാശ്ചാത്യരല്ലാത്ത അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യാതിരുന്ന ട്രംപ് 15,000 അഭയാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു ഒരു വര്‍ഷത്തില്‍ രാജ്യത്ത് പ്രവേശനം അനുവദിച്ചിരുന്നത്.

‘അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ധാര്‍മികമായ നേതൃത്വം ഏറ്റെടുക്കുക എന്നതായിരുന്നു അമേരിക്കയുടെ ഉഭയകക്ഷി നയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി സ്വാതന്ത്ര്യത്തിന്റെ ദീപശിഖയില്‍ നിന്നും പ്രകാശം പകരുന്നവരാണ് നമ്മള്‍. മറ്റു രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ നമ്മുടെ പ്രവര്‍ത്തികള്‍ മാതൃകയായി.’ ബൈഡന്‍ പറഞ്ഞു.
സെക്ഷ്വല്‍ ഓറിയന്റേഷന്റെ പേരില്‍ മറ്റു രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ബൈഡന്‍ അറിയിച്ചു.

സിറിയന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തതിന്റെ പേരില്‍ ജര്‍മനിക്കെതിരെ പരോക്ഷ നീക്കങ്ങള്‍ സ്വീകരിച്ച ട്രംപിന്റെ നടപടികളും ബൈഡന്‍ റദ്ദാക്കി.