ന്യൂഡല്‍ഹി: ഐഎസ്-അല്‍ഖ്വയ്ദ തീവ്രവാദങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങളെ പുകഴ്ത്തി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ഇസ്‌ലാമിക് സംസ്‌കാരങ്ങളെപ്പറ്റി മതപണ്ഡിതരും മുസ്‌ലിം സംഘടനകളും നടത്തിയ പൊതുപരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. ഐഎസിനെയും മറ്റു തീവ്രവാദ ഗ്രൂപ്പുകളെയും ഇന്ത്യ എങ്ങനെ പ്രതിരോധിക്കുന്നു എന്നതു ജോര്‍ദാന്‍ നോക്കി കാണുകയാണെന്നും രാജാവ് വ്യക്തമാക്കി. ഇന്ത്യയിലെ മതങ്ങള്‍ സാഹോദര്യത്തോടെ മുന്നോട്ടു പോകുന്നത് അഭിമാനം ഉയര്‍ത്തുന്ന കാര്യമാണ്. ജോര്‍ദാനും ഇത്തരത്തിലുള്ള രാജ്യമാണ്. ലോക രാജ്യങ്ങളില്‍ ഏറ്റവും അധികം അഭയാര്‍ത്ഥികള്‍ കഴിയുന്നത് ജോര്‍ദാനിലാണ്. രണ്ട് മില്യണ്‍ ഫലസ്തീന്‍ അഭയാര്‍ത്ഥികളും 660,000 സിറിയക്കാരും ജോര്‍ദാനിലുണ്ട്. ഇവരെല്ലാം ഒത്തൊരുമയോടെയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രാജാവ് ചര്‍ച്ച നടത്തിയിരുന്നു. അടുത്ത മാസം ഒന്നിന് വീണ്ടും ഇരുവരും കൂടികാഴ്ച നടത്തും.