അമ്മാന്‍: ഇറാന്‍ പ്രധാനമന്ത്രി ഹാനി അല്‍ മുല്‍ക്കി രാജിവെച്ചെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് പ്രക്ഷോഭകര്‍. ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച തുടങ്ങിയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ നിര്‍ദേശ പ്രകാരമാണ് മുല്‍ക്കി രാജിവെച്ചത്. എന്നാല്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തന രീതികൡ കാതലായ മാറ്റം വേണമെന്നതടക്കം വിപുലമായ ആവശ്യങ്ങളുമായി വീണ്ടും തെരുവിലിറങ്ങാനാണ് പ്രക്ഷോഭകരുടെ തീരുമാനം.
അധികാരം ജനങ്ങളുടെ കൈകളിലാണെന്നും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ ഭരണകൂടങ്ങള്‍ക്ക് അല്‍പം ജാഗ്രത അനിവാര്യമാണെന്നും സംഘാടകര്‍ പറഞ്ഞു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കില്‍ സാധാരണക്കാരെ ഒഴിവാക്കി വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുമേലാണ് അമിത ഭാരം ചുമത്തേണ്ടതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്‍ നേരിടുന്നതിന് ഭരണതലത്തില്‍ പുതിയ സമീപനങ്ങള്‍ കൊണ്ടുവരണമെന്ന് പ്രക്ഷോഭത്തിന്റെ സംഘാടകരില്‍ ഒരാളായ ഹുസൈന്‍ സ്മാദി എന്ന അഭിഭാഷകന്‍ പറഞ്ഞു. ഹിറാബി ശബാബി എന്ന സ്വതന്ത്ര സംഘടനയുടേയും വിവിധ തൊഴിലാളി യൂണിനികളുടെയും നേതൃത്വത്തിലാണ് തലസ്ഥാനമായ അമ്മാനില്‍ പ്രക്ഷോഭം തുടരുന്നത്. തൊഴിലാളി യൂണിയനുകള്‍ ബുധനാഴ്ച പൊതു പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.