അങ്കമാലി: അച്ഛന്റെ ശ്രാദ്ധ ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപിന് അങ്കമാലി കോടതിയുടെ അനുമതി. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട നടന്‍ ദിലീപ അച്ഛന്റെ ശ്രാദ്ധത്തിന് (ചരമവാര്‍ഷികം) ബലിയിടാന്‍ അനുമതി തേടി ഇന്ന് അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചടങ്ങില്‍ പങ്കെടുക്കാനായി കോടതി അനുമതി നല്‍കിയത്.

ഈ മാസം ആറാം തിയതി നടക്കുന്ന അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുവദിക്കണമെന്നാണ് ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ജാമ്യാപേക്ഷ പരിഗണിച്ച കോടതി പരിപാടിയില്‍ പങ്കെടുക്കാനായി അനുമതി നല്‍കുകയായിരുന്നു.

സെപ്തംബര്‍ 6ന് ബുധനാഴ്ചയാണ് ദിലീപിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധ ദിനം. അന്ന് രാവിലെ ഏഴു മണി മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെപ്പെട്ടത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകന്‍ അപേക്ഷ സമര്‍പ്പിച്ചത്.

വീട്ടിലും ആലുവ മണപ്പുറത്തുമായാണ് ബലിദാന ചടങ്ങുകള്‍ നടക്കുന്നത്. ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി രണ്ട് മണിക്കൂറിനകം ജയിലില്‍ തിരിച്ചെത്തണമെന്നാണ് കോടതി നിര്‍ദേശം. പൊലീസ് സംരക്ഷണയോടെ വേണം പുറത്തു പോകാനെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ജയിലിന്റെ ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ദിലീപിന്റെ വീട്. ജയിലില്‍ നിന്നും പൊലീസ്  സംരക്ഷണത്തില്‍ ദിലീപിനെ വീട്ടില്‍ എത്തിക്കുകയും തിരിച്ച് ജയിലില്‍ എത്തിക്കുകയും വേണം. സുരക്ഷ കൂടി ഉള്‍പ്പെടുന്ന പ്രശ്നമായതിനാല്‍ വിഷയത്തില്‍ പൊലീസ് എന്ത് നിലപാടെടുക്കുമെന്നതും പ്രസക്തമാണ്.

അതേസമയം ജാമ്യം നല്‍കുന്നതിന് എതിര്‍പ്പുമായി പ്രോസിക്യൂഷനും രംഗത്തെത്തിയിരുന്നു. ദിലീപിനെ ജയിലില്‍നിന്ന് പുറത്തുവിടുന്നതില്‍ എതിര്‍പ്പുമായി എത്തിയ പ്രോസക്യൂഷന്‍ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.

അതിനിടെ, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. നേരത്തെ നടന്‍ ദിലീപ് ഹൈകോടതിയില്‍ സമര്‍പ്പിച്ച രണ്ടാം ജാമ്യഹരജിയും തള്ളിയിരുന്നു. ആദ്യ ജാമ്യഹരജി പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് രണ്ടാം തവണയും ഹരജി തള്ളിയത്.