വിക്കിലീക്ക്‌സ് സ്ഥാപകനായും എത്തിക്കല്‍ ഹാക്കറായും അഴിമതിക്കെതിരെയുള്ള പോരാളിയായും അമേരിക്കന്‍ ഭരണകൂടത്തിന്റെ പേടി സ്വപ്‌നവുമായി മാറിയ ജൂലിയന്‍ അസാന്‍ജെയുടെ രഹസ്യജീവിതം പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയ 2012 മുതല്‍ 2019 വരെയുള്ള കാലത്തെ അസാന്‍ജിന്റെ ജീവിതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത് സിഎന്‍എന്നാണ്. ലണ്ടനിലെ നൈറ്റ്‌സ്ബ്രിജിലെ ഒരു അപാര്‍ട്‌മെന്റിലെ ഏതാനും മുറികളുള്ള ഇക്വഡോര്‍ എംബസി കെട്ടിടത്തിന്റെ ചുമരുകള്‍ക്കുള്ളിലിരുന്ന് ലോകത്തിലെ ഏറ്റവും വലിയ അധികാരശക്തികേന്ദ്രങ്ങളിലൊന്നായ യുഎസിലെ തിരഞ്ഞെടുപ്പു പ്രക്രിയയെ അസാന്‍ജ് അട്ടിമറിക്കുകയായിരുന്നോ?

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ജൂലിയന്‍ അസാന്‍ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയെ ഉപയോഗപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ അസാന്‍ജിനെതിരെ കെട്ടിച്ചമച്ച റിപ്പോര്‍ട്ടാണ് പുറത്തുവിട്ടതെന്ന് ആരോപിച്ച് അദ്ദേഹത്തെ അനുകൂലിക്കുന്നവരും രംഗത്തുണ്ട്.

2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യന്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്ത നിര്‍ണായക രേഖകള്‍ എംബസിയിലേക്ക് അസാന്‍ജിന്റെ വിലാസത്തില്‍ത്തന്നെ നേരിട്ട് എത്തിയിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു. എംബസിയില്‍ വച്ചു പലരുമായും രഹസ്യ കൂടിക്കാഴ്ചകളും അസാന്‍ജ് നടത്തിയിരുന്നു.

ഇക്വഡോര്‍ എംബസിയില്‍ റഷ്യക്കാരായ പലരും അസാന്‍ജിനെ കാണാനെത്തിയിരുന്നു. ഇതോടൊപ്പം ലോകപ്രശസ്ത ഹാക്കര്‍മാരും മണിക്കൂറുകളോളം അദ്ദേഹവുമൊത്തു കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു. റഷ്യയില്‍ നിന്നാണ് യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ വിക്കിലീക്ക്‌സിനു ലഭിച്ചത്. ഹാക്ക് ചെയ്ത വിവരങ്ങള്‍ പുറത്തുവിടും മുന്‍പ് കൂടുതല്‍ കരുത്തുറ്റ, ഏറ്റവും പുതിയ കംപ്യൂട്ടിങ് സംവിധാനങ്ങളും ഡേറ്റ കൈമാറ്റത്തിനു വേണ്ടി അസാന്‍ജിനു ലഭിച്ചെന്നും സുരക്ഷാ ഏജന്‍സിയായ യുസി ഗ്ലോബല്‍ ഇക്വഡോര്‍ സര്‍ക്കാരിനു വേണ്ടി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.