വടക്കൻ ഡൽഹിയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെയുണ്ടായ വർഗീയ കലാപത്തിലെ കുറ്റപത്രം സമർപ്പിച്ച ഡൽഹി പൊലീസിന് രൂക്ഷ വിമർശവുമായി ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും ലോ കമ്മീഷൻ ഓഫ് ഇന്ത്യ മുൻ ചെയർമാനുമായ ജസ്റ്റിസ് എ.പി ഷാ. കലാപക്കേസിലെ കുറ്റപത്രം തയ്യാറാക്കിയ പൊലീസ് ന്യൂനപക്ഷ മതക്കാരെ തെരഞ്ഞുപിടിച്ച് പ്രതിചേർക്കുകയാണ് ചെയ്തതെന്നും ഭൂരിപക്ഷ മതക്കാരെ മനഃപൂർവം വെറുതെവിട്ടെന്നും അദ്ദേഹം ആരോപിച്ചു. ‘ഇന്ത്യയുടെ സുപ്രീംകോടതി തകർച്ചയിൽ; മറക്കപ്പെട്ട സ്വാതന്ത്ര്യവും ദ്രവിച്ചുപോയ അവകാശങ്ങളും’ എന്ന വിഷയത്തിലുള്ള ലെക്ചർ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

‘സത്യസന്ധമായി പ്രതിഷേധിച്ചവർക്കും വിദ്യാർത്ഥികൾക്കും നേരെയാണ് ഡൽഹിയിൽ പൊലീസ് അക്രമം അഴിച്ചുവിട്ടത്. വ്യക്തികൾക്കു മേൽ കലാപക്കുറ്റവും രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തുന്നതാണ് ഡൽഹിയിൽ കണ്ടത്. ആളുകളെ വർഗീയമായി ഇളക്കിവിടുന്ന തരത്തിൽ ഞെട്ടിക്കുന്ന വിധത്തിലുള്ള പ്രസംഗങ്ങൾ നടത്തിയ രാഷ്ട്രീയക്കാരെ പൊലീസ് വെറുതെവിട്ടു. അത്തരത്തിലുള്ള രാഷ്ട്രീയക്കാർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട ഒരു ഹൈക്കോടതി ജഡ്ജിയെ സ്ഥലംമാറ്റി. പൊലീസിനും രാഷ്ട്രീയക്കാർക്കും ഇത്രധൈര്യം എവിടന്നു കിട്ടി? അത് ജുഡീഷ്യറി ദുർബലമായതു കൊണ്ടാണ്.’ – ജസ്റ്റിസ് ഷാ പറഞ്ഞു.

രാജ്യത്തെ ജുഡീഷ്യറി തകർച്ചയുടെ ഘട്ടത്തിലാണെന്നും ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം സംവിധാനങ്ങളെല്ലാം തകരുകയാണെന്നും ഷാ പറഞ്ഞു.

‘കടലാസിൽ നമ്മൾ ഒരു ലിബറൽ ജനാധിപത്യ റിപ്പബ്ലിക് ആണ്. മറ്റുള്ളവർ അസൂയയോടെ നോക്കുന്ന ഒരു സംവിധാനമുണ്ട് നമുക്ക്. നിയമപ്രകാരം രാജ്യത്ത് നടക്കുന്ന കാര്യങ്ങൾക്ക് ഉദ്യോഗസ്ഥവിഭാഗത്തിന് ഉത്തരവാദിത്തമുണ്ട്. ജനാധിപത്യത്തിന്റെ മറ്റു തൂണുകൾക്കും ഉത്തരവാദിത്തമുണ്ട്. എന്നാൽ, ഇതെല്ലാം കടലാസിൽ മാത്രമാണെന്നു മാത്രം.’

‘ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ഉത്തരവാദിത്തമുള്ള എല്ലാ സ്ഥാപനങ്ങളും വ്യവസ്ഥാപരമായി തന്നെ തകർക്കപ്പെടുകയാണ്. ലോക്പാലിനെ പറ്റി നാം കേട്ടിട്ട് ഏറെയായി. അന്വേഷണ ഏജൻസികൾ ദുരുപയോഗം ചെയ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്ച ചെയ്യുന്നതായി സംശയിക്കപ്പെടുന്നു. പക്ഷപാതമില്ലാത്ത ഫോർത്ത് എസ്‌റ്റേറ്റും സിവിൽ സൊസൈറ്റിയും എന്ന ആശയം തന്നെ മരിച്ചുകഴിഞ്ഞു.’

‘ഇതിനേക്കാളൊക്കെ മോശമാണ് ജുഡീഷ്യറിയുടെ കാര്യം. ജഡ്ജിമാരുടെ നിയമനങ്ങളും സ്ഥാനക്കയറ്റവും ട്രാൻസ്ഫറും എല്ലാം നിയമമന്ത്രാലയം വഴിയാണ് നടക്കുന്നതെന്ന് നമുക്കറിയാം. 2018-ൽ നാല് ജഡ്ജിമാർക്ക് പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ വിളിച്ചുപറയേണ്ട അവസ്ഥയുണ്ടായി.’

യു.എ.പി.എ നിയമം അടിയന്തരാവസ്ഥക്കാലത്തെയാണ് ഓർമിപ്പിക്കുന്നതെന്നും യു.എ.പി.എ കേസുകളിലെ ജാമ്യവിചാരണ പ്രഹസന നാടവും പ്രതിയാക്കപ്പെട്ടവർക്ക് പേടിസ്വപ്‌നവുമാണെന്നും അദ്ദേഹം പറഞ്ഞു. ഭീമ കൊറേഗാവ് കേസുകളിൽ യു.എ.പി.എ ദുരുപയോഗം പ്രകടമാണ്.

‘കശ്മീർ കേസിൽ സുപ്രീം കോടതി തങ്ങളുടെ ചുമതലയിൽ നിന്ന് മാറിനിൽക്കുകയാണ് ചെയ്തത്. ഇന്റർനെറ്റ് റദ്ദാക്കിക്കൊണ്ടുള്ള ഭരണകർത്താക്കളുടെ തീരുമാനം 1.3 കോടി ജനങ്ങളെ ബാധിച്ചപ്പോഴും യഥാർത്ഥ വിഷയങ്ങളെ പരിഗണിക്കാൻ സുപ്രീം കോടതി തയ്യാറായില്ല’ – ജസ്റ്റിസ് ഷാ പറഞ്ഞു.