റോം : ഇറ്റാലിയന്‍ സീരി എയില്‍ സാംപ്‌ദോറിയക്കെതിരെ യുവന്‍സിന് അപ്രതീക്ഷിത
പരാജയം. അഞ്ചു ഗോളുകള്‍ പിറന്ന വാശിയറിയ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നിലവിലെ ജേതാക്കളായ യുവന്റസ് പരാജയപ്പെട്ടത്. അതേസമയം യുവന്റസിന്റെ തോല്‍വി മുതലെടുത്ത്  മുന്‍ചാമ്പ്യന്‍മാരായ എ.സി മിലാനെ 2-1ന് പരാജയപ്പെടുത്തി നപ്പോളി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി. അത്‌ലാന്റയെ എതിരില്ലാത്ത രണ്ടു ഗോള്‍ക്കു  ഇന്റര്‍ മിലാനും പരാജയപ്പെടുത്തി.

നായകന്‍ ബഫണും പൗളോ ഡയബാലയും ഉള്‍പ്പെടുത്താതെയായിരുന്നു സാംപ്‌ദേറിയക്കെതിരെ പരിശീലകന്‍ മാസിമിലിയാനോ അലെഗ്രിനി ഇലവനെ ഇറക്കിയത്. ആദ്യ പകുതിയില്‍ ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും അതു മുതലെടുക്കാന്‍ ഹിഗ്വെയ്‌നും ക്വാര്‍ഡാഡോയ്ക്കും സാധിക്കാനാവത്തതോടെ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. അഞ്ചു ഗോളുകള്‍ പിറന്ന രണ്ടാം പകുതിയില്‍ ദുവന്‍ സപറ്റയിലൂടെ 52-ാം മിനുട്ടില്‍ സാംപ്‌ദോറിയ ലീഡു നേടി. 71-ാം മിനുട്ടില്‍ ടൊറേറിയ ലീഡ് രണ്ടാക്കി. ജിയാന്‍ മാര്‍കോ ഫെരാറി 79-ാം മിനുട്ടില്‍ യുവന്റസ് വല വീണ്ടും കുലുക്കി 3-0തിന്റെ ലീഡ് സാംപ്‌ദോറിയ നേടികൊടുത്തു. തോല്‍വിയില്‍ നിന്ന് കരകയറാന്‍ കിണഞ്ഞു ശ്രമിച്ച യുവന്റസ് ഇഞ്ചുറി ടൈമില്‍ ഹിഗ്വെയ്‌നിലൂടെയും ഡയബാലയിലൂടെയും രണ്ടു ഗോള്‍ മടക്കിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.

ലോറന്‍സോ ഇന്‍സൈന്‍ഗിയുടെയും(33-ാം മിനുട്ട്) പിയോറ്റര്‍ സിലിന്‍സ്‌കിയുടെയുടെ(72-ാം മിനുട്ട്)യും ഗോളില്‍ എ.സി മിലാനെതിരെ ജയിച്ചു കയറിയ നപ്പോളി നിലവില്‍ ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. എ.സി മിലാന്റെ ആശ്വാസ ഗോള്‍ അലേസിയോ റോമഗന്‍ലിയുടെ വകയായിരുന്നു.അര്‍ജന്റീനന്‍ താരം മൗറോ ഇക്കാര്‍ഡിയുടെ ഇരട്ട ഗോളില്‍ അത്‌ലാറ്റയെ തോല്‍പ്പിച്ച് ഇന്റര്‍ മിലാന്‍ രണ്ടാം സ്ഥാനത്തെത്തി.

പതിമൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായ ലീഗില്‍ നാപ്പോളി (35), ഇന്റര്‍(33), യുവന്റസ് (31), റോമ (30), ലാസിയോ (28) എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. ഇതില്‍ റോമയും ലാസിയോയും ഒരു മത്സരം കുറവാണ് കളിച്ചത്.