കോഴിക്കോട്; മുഖ്യമന്ത്രി പിണറായി വിജയനു ദൈവദോഷമെന്ന് എംപി കെ മുരളീധരന്‍. പിണറായി വിജയന്‍ ദൈവങ്ങളെ തൊട്ടുകളിച്ചതു കൊണ്ടാണ് കൊറോണയും പ്രളയവും അടക്കമുള്ള ദുരിതങ്ങള്‍ കേരള ജനതക്ക് അനുഭവിക്കേണ്ടി വന്നത്. കെ കരുണാകരനും എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചപ്പോഴൊക്കെ ഇവിടെ വവ്വാലുണ്ട്. പക്ഷേ, നിപ ഉണ്ടായത് പിണറായി വിജയന്‍ ഭരിക്കുന്ന സമയത്താണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

‘എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാട് മുടിയും. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ കഴിഞ്ഞ് ആദ്യം പറത്തിയ പ്രാവ് ചത്തുവീണു. ഓഗസ്റ്റ് 15ന് ഉയര്‍ത്തിയ കൊടി പൊങ്ങിയില്ല. എങ്ങിനെയാണ് നിപ വന്നത്? വവ്വാല്‍ പരത്തിയെന്ന് പറഞ്ഞു. ഇപ്പോഴും കാരണം കണ്ടുപിടിച്ചിട്ടില്ല. കെ കരുണാകരനും എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചപ്പോഴൊക്കെ ഇവിടെ വവ്വാലുണ്ട്. പിണറായി വന്നപ്പോള്‍ മാത്രം നിപ ഉണ്ടായതെങ്ങിനെയാണ്? പിന്നെ കൊറോണ വന്നു. രണ്ട് പ്രളയം, ഓഖി, എല്ലാം കൊണ്ടും ദുരിതമാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം. ദൈവത്തെ തൊട്ടുകളിക്കുന്നതിന്റെ ദോഷമാണ് കേരളത്തിന്. മതങ്ങളുടെ മേക്കിട്ട് കയറുകയാണ് മുഖ്യമന്ത്രി ചെയ്തത്. അതിന്റെ ഫലമാണിത്. മുരളീധരന്‍ പറഞ്ഞു.

സ്വപ്ന സുരേഷിന് കൊവിഡ് പോസിറ്റീവ് ആയിരുന്നെങ്കില്‍ നിരവധി എല്‍ഡിഎഫ് നേതാക്കള്‍ ക്വാറന്റീനില്‍ പോകേണ്ടിവന്നേനെ. എ സര്‍ട്ടിഫിക്കറ്റ് സിനിമ കാണുന്നത് പോലെയാണ് ഇപ്പോള്‍ കേരളം. ഇപ്പോള്‍ കുട്ടികള്‍ക്ക് ടിവി കാണാന്‍ പറ്റാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.