കോഴിക്കോട്: അസംബ്ലി തെരഞ്ഞെടുപ്പില്‍ പല കൊലകൊമ്പന്മാരും നിയമസഭ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും നിര്‍ലജ്ജം വോട്ടുമറിച്ചെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ജില്ലാ പഞ്ചായത്തിലെ കണക്കു പ്രകാരം കേരളത്തില്‍ മൊത്തം 35 ലക്ഷം വോട്ടുകള്‍ എന്‍ഡിഎയ്ക്ക് കിട്ടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘സംസ്ഥാനത്തെ യുഡിഎഫ്-എല്‍ഡിഎഫ് ബാന്ധവം ശക്തമായ പ്രചാരണ വിഷയമാക്കാന്‍ തന്നെയാണ് ബിജെപി തീരുമാനിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ എല്ലാം ഞങ്ങള്‍ ഗൃഹസമ്പര്‍ക്കം ആരംഭിക്കും. മുസ്‌ലിം വര്‍ഗീയതയെ മാറിമാറി താലോലിച്ച്, വര്‍ഗീയ ശക്തികളെയും ഭീകര ശക്തികളെയും കൂട്ടുപിടിച്ച് കേരളത്തില്‍ ഒരു വിഭാഗത്തെ അവഗണിക്കുന്ന രാഷ്ട്രീയം.. ചില ആളുകള്‍ ഒരു തരത്തിലും വിജയിച്ചു വരാന്‍ പാടില്ല എന്നൊരു തീരുമാനം ചില ആരാധനാലയങ്ങളില്‍ ഇരുന്ന് അടക്കം ചിലര്‍ എടുത്തിട്ടുണ്ട്. അതൊക്കെ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പ് വരുമ്പോള്‍ നോക്കാം നമുക്ക്. അങ്ങനെയുള്ള നടപടിയാണ് സ്വീകരിക്കുന്നത് എങ്കില്‍ പല കൊല കൊമ്പന്മാരും കേരള നിയമസഭ കാണില്ല എന്ന് ഞാന്‍ ഓര്‍മിപ്പിക്കുകയാണ്’ – സുരേന്ദ്രന്‍ പറഞ്ഞു.

‘തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്‍ഡിഎയുടെ മുന്നേറ്റത്തിന് കാരണമായ തെരഞ്ഞെടുപ്പാണ്. എന്‍ഡിഎയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിലേത്. സീറ്റിലും വോട്ടിലും ഏറ്റവും കൂടുതല്‍ മുന്നേറ്റമുണ്ടായത് എന്‍ഡിഎയ്ക്കാണ്. യുഡിഎഫിനും എല്‍ഡിഎഫിനും കുറവാണ് ഉണ്ടായിട്ടുള്ളത്. എട്ടു ലക്ഷത്തിന്റെ അധികം വോട്ടാണ് ഇത്തവണ എന്‍ഡിഎക്ക് കിട്ടിയിട്ടുള്ളത്’ – അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ക്ക് അധികാരം കിട്ടേണ്ട 25 സ്ഥലങ്ങളില്‍ നിര്‍ലജ്ജം യുഡിഎഫും എല്‍ഡിഎഫും കൂട്ടുകൂടുകയാണ് എങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഞാന്‍ അത്രയേ പറയുന്നുള്ളൂ. ശക്തമായ തിരിച്ചടി ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടാകും- സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.