വളാഞ്ചേരി: കാടാമ്പുഴയില്‍ ഗര്‍ഭിണിയായ സ്ത്രീയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം തടവും. വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി മുഹമ്മദ് ശരീഫിനാണ് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

കൊല്ലപ്പെട്ട സ്ത്രീയും കുട്ടിയും താമസിച്ചിരുന്ന വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയതിന് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. യുവതിയുടെ ഏഴു വയസുകാരനായ മകനെ കൊലപ്പെടുത്തിയതിന് തടവും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ജയിലില്‍ കിടക്കേണ്ടി വരും. ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിന് പത്ത് വര്‍ഷം തടവും പ്രതി അനുഭവിക്കണം.

2017 മെയ് 22നായിരുന്നു കേസിനാസ്പദമായ സംഭവം. കാടാമ്പുഴ സ്വദേശി ഉമ്മു സല്‍മയും മകന്‍ ദില്‍ഷാദുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ പത്ത് മാസം ഗര്‍ഭിണിയായിരുന്നു ഉമ്മു സല്‍മ. യുവതിയുമായി അടുപ്പത്തിലായിരുന്ന പ്രതി, സംഭവ ദിവസം വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തുകയായിരുന്നു.