തൃശൂര്‍: സംസ്ഥാന കലോത്സവത്തിന് ബാലാവകാശ കമ്മീഷന്റെ പേരില്‍ വ്യാജ അപ്പീല്‍ ഉത്തരവുണ്ടാക്കിയ കേസില്‍ അറസ്റ്റിലായ യുവാവ് ഹയര്‍സെക്കന്ററി മുന്‍ കലാപ്രതിഭയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 2001ലെ ഹയര്‍സെക്കന്ററി കലാപ്രതിഭയാണ് അറസ്റ്റിലായ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലുള്ള മാനന്തവാടി കുഴിനലം വേങ്ങാച്ചോട്ടില്‍ ജോബിന്‍ ജോര്‍ജ്ജ്. 2001ല്‍ ഹയര്‍സെക്കന്ററി കലോത്സവം പ്രത്യേകമായാണ് നടത്തിയത്. നാടോടിനൃത്തത്തില്‍ ഒന്നാം സ്ഥാനവും തുകല്‍വാദ്യത്തില്‍ രണ്ടാംസ്ഥാനവും ഓട്ടന്‍തുള്ളലില്‍ എ ഗ്രേഡും നേടിയാണ് അന്ന് ഇയാള്‍ പ്രതിഭാ പട്ടം നേടിയത്. 2000, 2001 വര്‍ഷങ്ങളില്‍ ജോബിന്‍ വയനാട് ജില്ലാതലത്തില്‍ ഹയര്‍സെക്കന്ററി പ്രതിഭയായിരുന്നു. കൂടാതെ 1997, 1998, 1999 വര്‍ഷങ്ങളില്‍ ഹൈസ്‌കൂള്‍തലത്തില്‍ വയനാട് ജില്ലയിലെ കലാപ്രതിഭയായിരുന്നു. കൂടാതെ 2003ല്‍ കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോത്സവത്തിലും ജോബിന്‍ കലാപ്രതിഭയായിട്ടുണ്ട്.
മാനന്തവാടിയില്‍ ജോബ്‌സ് ആന്റ് സാബ്‌സ് നൃത്ത വിദ്യാലയം നടത്തുന്ന ജോബിന് നിരവധി ശിഷ്യന്മാരുണ്ട്. മിക്കവരും കലോത്സവങ്ങളില്‍ ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങള്‍ ലഭിച്ചവരാണ്.
ജോബിനും തൃശൂര്‍ സ്വദേശി സൂരജിനും വ്യാജ അപ്പീലിന് വ്യാജരേഖയുണ്ടാക്കി നല്‍കിയത് തിരുവനന്തപുരം സ്വദേശിയായ സതികുമാറാണ്. ജില്ലാ കലോത്സവങ്ങളില്‍ തങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികള്‍ പിന്നിലാവുമ്പോള്‍ പല നൃത്താധ്യാപകരും ഇത്തരത്തില്‍ സതി കുമാറിനെ ബന്ധപ്പെട്ട് വ്യാജ അപ്പീലുകള്‍ സംഘടിപ്പിക്കാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. അപ്പീല്‍ ഇനത്തില്‍ വന്‍ തുകയാണ് രക്ഷിതാക്കളില്‍ നിന്ന് ഇത്തരക്കാര്‍ വാങ്ങുന്നത്.