കല്‍പ്പറ്റ: കൊച്ചിയില്‍ നിന്ന് വാഹനത്തില്‍ വയനാട്ടിലേക്ക് കടത്തുകയായിരുന്ന പത്ത് ലക്ഷത്തി അറുന്നൂറ് രൂപയുടെ നിരോധിച്ച നോട്ടുകള്‍ കല്‍പ്പറ്റയില്‍ പൊലീസ് പിടികൂടി. നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി മുഹമ്മദ് ഷാഫിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ എസ്.ഐ ജയപ്രകാശും സംഘവുമാണ് പണം പിടികൂടിയത്.

വാരാമ്പറ്റ അരിയാക്കുല്‍ റിയാസ് (26), പടിഞ്ഞാറത്തറ തെങ്ങുമുണ്ട കൊച്ചുമുറിത്തോട്ടില്‍ നൗഫല്‍ (34), മട്ടാഞ്ചേരി അസ്റാജ് ബില്‍ഡിംഗ് അസ്ലം(25), ആലിന്‍ചുവട്ടില്‍ മുജീബ് (26), പള്ളുരുത്തി പുതിയവീട്ടില്‍ നവാസ് (22) എന്നിവരാണ് പിടിയിലായത്. പത്ത് ലക്ഷം രൂപയുടെ പഴയനോട്ടുകള്‍ക്ക് പകരം ഇരട്ടി പുതിയ നോട്ടുകള്‍ നല്‍കാമെന്ന് പടിഞ്ഞാറത്തറ സ്വദേശികള്‍ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് സംഘം പണവുമായി കൊച്ചിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് വന്നത്. സംഘാഗംങ്ങളെ വിശദമായി ചോദ്യം ചെയ്തുവരുന്നതായും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായും പൊലീസ് അറിയിച്ചു. പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി.