സംവിധായകന്‍ കമലിനോട് പാക്കിസ്താനിലേക്ക് പോകാന്‍ പറഞ്ഞ ബിജെപിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് വേറിട്ട പ്രതിഷേധവുമയി നടന്‍ അലന്‍സിയറിന്റെ പ്രകടനം. കാസര്‍കോഡ് നഗരത്തിലാണ് വേറിട്ട പ്രതിഷേധത്തിന്റെ അഭിനയവുമായി അലന്‍സിയര്‍ എത്തിയത്.

തെരുവുനാടകത്തിന്റെ രൂപത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. ബസ്സിലും റോഡിലും അലന്‍സിയര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശം വേണം. പ്രതിഷേധമല്ല ഇത്. പ്രതിരോധമാണ്. നടനാണ്. അതിനേക്കാളുപരി ഈ നാട്ടില്‍ ജീവിക്കുന്ന സാധാരണ മനുഷ്യനുമാണെന്ന് അദ്ദേഹം പറയുന്നു. സോഷ്യല്‍മീഡിയയിലടക്കം ഇപ്പോള്‍ യഥാര്‍ത്ഥ താരമായിരിക്കുകയാണ് അലന്‍സിയര്‍. ‘എന്റെ നാടിനെക്കുറിച്ച് എനിക്ക് അഭിമാനം. അടുത്ത നാടിനേക്കുറിച്ച് അതിലേറെ അഭിമാനം. എന്നിട്ടും എന്നോട് ചോദിക്കുന്നു ഞാന്‍ ആരാണെന്ന്? എന്നു ചോദിച്ചു തുടങ്ങുന്ന തെരുവു നാടകം അവസാനിക്കുന്നത് ‘അണ്ടര്‍വയറിന്റെ സ്‌നേഹം. രാജ്യസ്‌നേഹമല്ല’ എന്ന് പറഞ്ഞ് കപട രാജ്യസേനേഹത്തേ രൂക്ഷവിമര്‍ശനം നടത്തിയാണ്.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ആര്‍ട്ടിസ്റ്റ് ബേബിയായി അഭിനയിച്ച് പ്രേക്ഷക പ്രീതി നേടിയ നടനാണ് അലന്‍സിയര്‍. ഇന്നലെ കമലിന് പിന്തുണ പ്രഖ്യാപിച്ച് ജന്‍മനാടായ കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍നിര താരങ്ങളൊന്നും എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നില്ല. എന്നാല്‍ വേറിട്ട പ്രതിഷേധവുമായി തെരുവിലെത്തിയ ഈ നടനാണ് യഥാര്‍ത്ഥ താരമായിരിക്കുന്നത്. ബിജെപി നേതാവ് എഎന്‍ കൃഷ്ണദാസാണ് കമലിനോട് പാക്കിസ്താനിലേക്ക് പോകാന്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയിലും ദേശീയ ഗാനവിവാദത്തിലും കമല്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി കമലിനെതിരെ തിരിഞ്ഞത്.